സൗദി കെഎംസിസിയുടെ നാഷണൽ സോക്കർ; കലാശപ്പോരാട്ടം ആഗസ്റ്റ് മുപ്പതിന്

മുനവ്വറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയാകും

Update: 2024-08-28 16:17 GMT
Advertising

റിയാദ്: സൗദിയിലെ കെഎംസിസി ദേശീയ തലത്തിൽ സംഘടിപ്പിച്ച സോക്കറിന്റെ ഫൈനൽ ആഗസ്റ്റ് 30 വെള്ളിയാഴ്ച റിയാദിൽ നടക്കും. മുഖ്യാതിഥികളായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അഡ്വ. ഹാരിസ് ബീരാൻ എം.പി എന്നിവർ പങ്കെടുക്കും. കലാശ പോരാട്ടത്തിന്റെ ഭാഗമായി വിവിധ കലാ പരിപാടികളും സംഘടിപ്പിക്കും.

വെള്ളിയാഴ്ച റിയാദ് നസ്റിയ മുറൂറിനടുത്ത റിയൽ മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തിലായിരിക്കും ഫൈനൽ. വൈകിട്ട് 7.30 നായിരിക്കും കിക്കോഫ്. ജിദ്ദ ചാംസ് സബീൻ എഫ്.സിയും കിഴക്കൻ പ്രവിശ്യയിലെ ബദർ എഫ്.സിയും തമ്മിലായിരിക്കും ഫൈനൽ മത്സരം. സന്തോഷ് ട്രോഫി, ഐ ലീഗ് താരങ്ങളടക്കം മത്സരത്തിൽ ബൂട്ട് കെട്ടും. പാലക്കാട് ജില്ലാ കെ.എം.സി.സി ഫുട്ബോൾ മേളയുടെ ഫൈനൽ മൽസരവും ഇതേ ഗ്രൗണ്ടിൽ അരങ്ങേറും.

മത്സര സ്ഥലത്തേയ്ക്ക് എത്തിച്ചേരാനായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നറുക്കെടുപ്പിലൂടെ ഗോൾഡ് കോയിനടക്കമുള്ള സമ്മാനങ്ങളും നേടാനാകും. ഫുട്‌ബോൾ മേളയുടെ സമാപനത്തോടനുബന്ധിച്ച് വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ബിസിനസ് അവാർഡ് ദാനവും പരിപാടിയിലുണ്ടാകും. വിജയ് വർഗ്ഗീസ് മൂലനും സമീർ കൊടിയത്തൂരിനുമാണ് അവാർഡുകൾ. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ സി.പി മുസ്തഫ, ഉസ്മാൻ അലി പാലത്തിങ്ങൽ, വി.കെ. മുഹമ്മദ്, അഷ്‌റഫ് കൽപകഞ്ചേരി, മൊയ്തീൻ കുട്ടി കോട്ടക്കൽ എന്നിവർ പങ്കെടുത്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News