ഹജ്ജ്- ഉംറ തീർത്ഥാടകർക്ക് ആശ്വാസം; നാല് വാക്‌സിനുകൾക്ക് കൂടി സൗദിയുടെ ഭാഗിക അംഗീകാരം

ഹജ്ജ്, ഉംറ, സന്ദർശനം തുടങ്ങിയ ആവശ്യങ്ങൾക്കായി വിദേശ രാജ്യങ്ങളിൽ നിന്നും സൗദിയിലെത്തുന്നവരുടെ ഇമ്മ്യൂൺ സ്റ്റാറ്റസ് മാനദണ്ഡങ്ങൾ സൗദി ആരോഗ്യ മന്ത്രാലയം പരിഷ്‌കരിച്ചു.

Update: 2021-12-06 16:25 GMT
Editor : abs | By : Web Desk
Advertising

ഇന്ത്യയുടെ കോവാക്‌സിനെടുത്തവർക്ക് ഹജ്ജ് ഉംറ സന്ദർശന വിസകളിൽ സൗദിയിലേക്ക് പ്രവേശിക്കാമെന്ന് ആരോഗ്യ മന്ത്രാലയം. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള മൂന്ന് ചൈനീസ് വാക്‌സിനുകൾക്കും സൗദി ഭാഗിക അംഗീകാരം നൽകി. ഇവർ സൗദിയിലെത്തിയാൽ മൂന്ന് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ പൂർത്തിയാക്കണം.

ഹജ്ജ്, ഉംറ, സന്ദർശനം തുടങ്ങിയ ആവശ്യങ്ങൾക്കായി വിദേശ രാജ്യങ്ങളിൽ നിന്നും സൗദിയിലെത്തുന്നവരുടെ ഇമ്മ്യൂൺ സ്റ്റാറ്റസ് മാനദണ്ഡങ്ങൾ സൗദി ആരോഗ്യ മന്ത്രാലയം പരിഷ്‌കരിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ കോവാക്‌സിൻ, ചൈനയുടെ സിനോഫാം, സിനോവാക്, സ്ഫുട്‌നിക് എന്നീ വാക്‌സിനുകൾക്ക് കൂടി ഭാഗികമായി അംഗീകാരം നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവയുടെ രണ്ട് ഡോസുകൾ വീതം സ്വീകരിച്ചവരെ ഇമ്മ്യൂൺ ആയതായി കണക്കാകും.

എന്നാൽ ഇവർ സൗദിയിലെത്തിയാൽ മൂന്ന് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ പൂർത്തിയാക്കേണ്ടതാണ്. കൂടാതെ രാജ്യത്തെത്തി 48 മണിക്കൂറിന് ശേഷം നടത്തുന്ന പി.സി.ആർ പരിശോധനയിൽ കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കണമെന്നും വ്യവസ്ഥയുണ്ട്. അതിന് ശേഷം മാത്രമേ ഇവർക്ക ഉംറ ചെയ്യാൻ അനുമതിയുള്ളൂ.

അതേ സമയം സൗദിയിൽ നേരത്തെ തന്നെ അംഗീകാരമുളള ആസ്ട്രസെനക്ക അഥവാ കോവിഷീൽഡ്, ഫൈസർ, മൊഡേണ, ജോൺസൺ ആന്റ് ജോൺസണ് എന്നീ വാക്‌സിനുകൾ സ്വീകരിച്ചവർക്ക് ക്വാറന്റൈനില്ലാതെ തന്നെ ഉംറ ചെയ്യാൻ അനുവാദമുണ്ട്. സ്ഫുട്‌നിക് വാക്‌സിൻ സ്വീകരിച്ചവർക്ക് ജനുവരി ഒന്ന് മുതലാണ് പ്രവേശനാനുമതി. എന്നാൽ മറ്റുള്ള വാക്‌സിനുകൾ സ്വീകരിച്ചവർക്ക് ഡിസംബർ ഒന്ന് മുതൽ തന്നെ സൗദിയിലേക്ക് പ്രവേശിക്കാം. പുതിയ തീരുമാനം ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് ഉംറ തീർത്ഥാടകർക്കും, സന്ദർശന വിസയിൽ പോകുന്നവർക്കും ഏറെ ആശ്വാസമാണ്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News