ക്രൂയിസ് കപ്പൽ യാത്രക്കാർക്കായി പ്രത്യേക ദ്വീപുകൾ ഒരുക്കി സൗദി
സന്ദർശകർക്കായി ദ്വീപുകൾ ഡിസംബറിൽ തുറക്കും
ജിദ്ദ: ക്രൂയിസ് കപ്പൽ യാത്രക്കാർക്കായി പ്രത്യേക ദ്വീപുകൾ ഒരുക്കി സൗദി അറേബ്യ. ചെങ്കടലിലെ ദ്വീപുകളാണ് സജ്ജമാക്കിയിരിക്കുന്നത്. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റിനു കീഴിലെ സൗദി ക്രൂയിസ് കമ്പനിയാണ് ജിദ്ദയിൽ നടന്ന ചടങ്ങിൽ പിസി മറൈൻ സർവീസ് കമ്പനിയുമായി കരാറിൽ ഒപ്പുവെച്ചത്. നൂറിലേറെ ചെറുദ്വീപുകളാൽ നിറഞ്ഞതാണ് സൗദിയുടെ ചെങ്കടൽ തീരം. ഇവ ടൂറിസത്തിനായി ഉപയോഗപ്പെടുത്തുകയാണ് സൗദി അറേബ്യ. ഈ വർഷം ഡിസംബറോടെ സന്ദർശകരെ സ്വീകരിക്കാൻ ദ്വീപുകൾ ഒരുങ്ങി കഴിഞ്ഞു.
സൗദിയിൽ സമുദ്ര വിനോദസഞ്ചാര മേഖല ശക്തിപ്പെടുത്താനുള്ള സൗദി ക്രൂയിസ് കമ്പനിയുടെ പ്രധാന ചുവടുവെപ്പാണ് പുതിയ പദ്ധതി. ഇതിനുള്ള കരാറാണ് സൗദി ക്രൂയിസ് കമ്പനി ജിദ്ദ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ ഒപ്പുവെച്ചത്. ബീച്ച് ക്ലബ്ബുകൾ, സ്വകാര്യ വില്ലകൾ, സൺബാത്ത് ഏരിയ തുടങ്ങി. സന്ദർശകർക്ക് അവിസ്മരണീയ അനുഭവങ്ങൾ നൽകുന്ന ഇടമായി ദ്വീപുകളെ മാറ്റുകയാണ്. ആദ്യഘട്ടത്തിൽ ഒരേസമയം 2000 ടൂറിസ്റ്റുകളെ സ്വീകരിക്കാൻ ദ്വീപിന് ശേഷിയുണ്ടാകും. വിഷൻ 2030 ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായയാണ് പദ്ധതി നടപ്പാക്കുന്നത്.
ജിദ്ദ അബൂഹൂർ, ബീച്ച് വാട്ടർ ഫ്രണ്ട് വികസനം, ജിദ്ദ, യാമ്പു, ദമ്മാം തുറമുഖങ്ങളിലെ ക്രൂയിസ് കപ്പൽ ബർത്ത് വികസനം തുടങ്ങിയ നിരവധി പദ്ധതികൾ നടപ്പാക്കിയ കമ്പനിയാണ് ഇതിനായി കരാറിൽ ഒപ്പുവച്ചത്.