പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ച് സൗദി
ആവശ്യമായ പച്ചക്കറിയുടെ 80.6 ശതമാനവും രാജ്യത്ത് ഉൽപാദിപ്പിക്കുന്നതായി റിപ്പോർട്ട്
ദമ്മാം: പച്ചക്കറി ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ച് സൗദി അറേബ്യ. ആവശ്യമായ പച്ചക്കറിയുടെ 80.6 ശതമാനവും രാജ്യത്ത് ഉൽപാദിപ്പിക്കുന്നതായാണ് റിപ്പോർട്ട്. ഭക്ഷ്യധാന്യങ്ങൾ, പഴങ്ങൾ, മത്സ്യം എന്നിവയുടെ ഉത്പാദനത്തിലും വളർച്ച രേഖപ്പെടുത്തി.
ഭക്ഷ്യ ഉൽപാദന രംഗത്ത് സൗദി അറേബ്യ അതിവേഗം വളർച്ച കൈവരിച്ചുവരുന്നതായി പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജനറൽ സ്റ്റാററിസ്റ്റിക്‌സ് അതോറിറ്റി പുറത്ത് വിട്ട കണക്കുകളിലാണ് വർധനവ്. പഴങ്ങളുടെ ഉൽപാദനത്തിൽ 63.7 ശതമാനവും ഭക്ഷ്യ ധാന്യങ്ങളുടെ ഉപഭോഗത്തിൽ 14.8 ശതമാനവും തദ്ദേശിയമായി ഉൽപാദിപ്പിക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്തിന്റെ മൊത്തം കാർഷിക വരുമാനം 3830 കോടി റിയാലായി ഉയർന്നു. മത്സ്യ ഉൽപാദനം വഴിയുള്ള വരുമാനം 520 കോടി റിയാലായും വർധിച്ചു. ക്ഷീര കർഷക രംഗത്തും കോഴി, മുട്ട ഉൽപാദനത്തിലും വളർച്ച കൈവരിച്ചു വരുന്നതായും അതോറിറ്റിയുടെ റിപ്പോർട്ട് പറയുന്നു.