സ്കൂൾ തുറക്കാനിരിക്കെ ബസ് ഡ്രൈവർമാർക്കുള്ള നിർദേശങ്ങൾ ഓർമിപ്പിച്ച് സൗദി
ചട്ടങ്ങൾ പാലിക്കാത്ത സ്‌കൂളുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നൽകി
റിയാദ്: സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ബസ് ഡ്രൈവർമാർക്കുള്ള നിർദേശങ്ങൾ ഓർമിപ്പിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം. ചട്ടങ്ങൾ പാലിക്കാത്ത സ്‌കൂളുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഈ മാസം പതിനെട്ടിന് സൗദി സ്‌കൂളുകളും സെപ്തംബർ ഒന്നിന് ഇന്ത്യൻ സ്‌കൂളുകളും തുറക്കും
ഡ്രൈവർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ക്രിമിനൽ റെക്കോർഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ്, അംഗീകൃത പ്രഥമശുശ്രൂഷ കോഴ്സ് സർട്ടിഫിക്കറ്റ്, അതോറിറ്റിയുടെ മെഡിക്കൽ പരിശോധനയിൽ വിജയിച്ച സർട്ടിഫിക്കറ്റ് എന്നിവ നേടിയവർക്ക് മാത്രമായിരിക്കും സ്‌കൂൾ ബസ് ഡ്രൈവർമാരായി ജോലി ചെയ്യാൻ സാധിക്കുക. ഡ്രൈവർമാർക്ക് കുറഞ്ഞത് 25 വയസ്സെങ്കിലും പ്രായമുണ്ടായിരിക്കണം.
വിദ്യാർത്ഥികളെ കൊണ്ട് പോകുന്ന വാഹനങ്ങളിൽ സുരക്ഷാ ഉപകരണങ്ങളും, ട്രാക്കിംഗ് ഉപകരണങ്ങളും, ക്യാമറകളും നിർബന്ധമാണ്. മുഴുവൻ ഡ്രൈവർമാരും, സ്‌കൂളുകളും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി പരിശോധനകൾ കടുപ്പിച്ചിട്ടുണ്ട്. ചട്ടങ്ങൾ പാലിക്കാത്ത സ്‌കൂളുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. സ്‌കൂൾ ഗതാഗത സേവനം നിരീക്ഷിക്കുന്നതിന്റെ ഭാഗമായി പ്രത്യേക പ്ലാറ്റ്‌ഫോമും മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റാഫിഡ് എന്ന പേരിലാണ് പ്ലാറ്റ്‌ഫോം ലഭ്യമാക്കിയിട്ടുള്ളത്. ഇതിലൂടെ പരാതികളും നിർദ്ദേശങ്ങളും നൽകാൻ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും, അന്വേഷണങ്ങൾക്കുമായി 19929 എന്ന നമ്പറിലോ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ് സൈറ്റോ സന്ദർശിക്കണമെന്നും സൗദി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
കടുത്ത ചൂടിനിടെ വേനലവധിയിലായിരുന്നു സൗദിയിലെ സ്‌കൂളുകൾ. വേനലവധി അവസാനിപ്പിച്ച് സൗദിയിലെ പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ കഴിഞ്ഞയാഴ്ച മുതൽ ജോലിക്ക് ഹാജരായിട്ടുണ്ട്. മുപ്പത്തി അയ്യായിരം സ്‌കൂളുകളാണ് ആകെ സൗദിയിലുള്ളത്. ഇവിടെയാകെ അഞ്ച് ലക്ഷത്തിലേറെ അധ്യാപകരാണ് ജോലി ചെയ്യുന്നത്. സൗദി സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് ക്ലാസുകൾ ആരംഭിക്കുക ഈ മാസം പതിനെട്ടിനാണ്. ഇന്ത്യൻ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് സെപ്തംബർ ഒന്നിനാണ് ക്ലാസുകൾ തുടങ്ങുന്നത്.