പകർച്ചവ്യാധി വ്യാപനം; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് അത്യാവശ്യത്തിനല്ലാതെ യാത്ര പാടില്ലെന്ന് സൗദി
പോളിയോ, മലേറിയ, കോവിഡ് എന്നിവ ഈ രാജ്യങ്ങളിൽ പതിവായി നിരീക്ഷിക്കുന്നുണ്ടെന്നും അതോറിറ്റി വിശദീകരിച്ചു.
ജിദ്ദ: ഇന്ത്യ ഉൾപ്പെടെ 25 രാജ്യങ്ങളിലേക്ക് അത്യാവശ്യത്തിനല്ലാതെ യാത്ര ചെയ്യരുതെന്ന് സൗദി പബ്ലിക്ക് ഹെൽത്ത് അതോറിറ്റി നിർദേശം. വിവിധ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. അനിവാര്യ സാഹചര്യങ്ങളിൽ യാത്ര ചെയ്യുന്നവർ കൂടുതൽ ദിവസങ്ങൾ അവിടെ തങ്ങരുതെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
വിവിധ രാജ്യങ്ങളിൽ പടർന്നു കൊണ്ടിരിക്കുന്ന പകർച്ചവ്യാധികളുടെയും ആരോഗ്യ സേവനങ്ങളുടേയും നിലവാരമനുസരിച്ച് ചുവപ്പ്, മഞ്ഞ വിഭാഗങ്ങളാക്കി തരംതിരിച്ചാണ് അതോറിറ്റി യാത്രാ മുന്നറിയിപ്പുകളും പ്രതിരോധ മാർഗനിർദേശങ്ങളും പ്രഖ്യാപിച്ചത്. ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ 24 രാജ്യങ്ങളാണ് മഞ്ഞ വിഭാഗത്തിലുള്ളത്. കോളറ, ഡെങ്കിപ്പനി, നിപ വൈറസ്, അഞ്ചാംപനി, മഞ്ഞപ്പനി, കുരങ്ങുപനി, കുള്ളൻ പനി എന്നിവയാണ് ഈ രാജ്യങ്ങളിൽ നിലവിൽ പടരുന്ന രോഗങ്ങൾ.
കൂടാതെ പോളിയോ, മലേറിയ, കോവിഡ് എന്നിവ ഈ രാജ്യങ്ങളിൽ പതിവായി നിരീക്ഷിക്കുന്നുണ്ടെന്നും അതോറിറ്റി വിശദീകരിച്ചു. അതേസമയം സിംബാബ്‌വേയെ മാത്രമാണ് ചുവപ്പ് കാറ്റഗറിയിൽപ്പെടുത്തിയത്. ജാപ്പനീസ് എൻസെഫലൈറ്റിസ്, മലേറിയ, സിക്ക പനി, ലീഷ്മ നിയാസിസ്, കോളറ, ഡെങ്കിപ്പനി എന്നിവ പടർന്നുപിടിച്ചതിനാലാണ് സിംബാബ്‌വേ ചുവപ്പ് കാറ്റഗറിൽപ്പെടുത്താൻ കാരണം.
അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് നിർദേശം. അഥവാ യാത്ര ചെയ്യേണ്ടിവരുകയാണെങ്കിൽ തന്നെ താമസത്തിൻ്റെ ദൈർഘ്യം കുറയ്ക്കണം. കൂടാതെ രോഗബാധിതരുമായി അടുത്ത് ഇടപഴുകരുതെന്നും മറ്റു പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.