സൗദിയില്‍ അമ്പത് വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ ആരംഭിച്ചു
അടുത്ത മാസം മുതൽ എല്ലാവർക്കും രണ്ടാമത്തെ ഡോസ് വിതരണം ചെയ്തു തുടങ്ങും
സൗദിയിൽ അമ്പത് വയസ്സിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകി തുടങ്ങി. കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് വേഗത്തിൽ വിതരണം ചെയ്യും. മുഴുവൻ ജനങ്ങൾക്കും രണ്ടാമത്തെ ഡോസ് ഇടൻ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഡിസംബർ 17നാണ് സൗദിയിൽ വാക്‌സിനേഷൻ പദ്ധതി ആരംഭിച്ചത്. ഇത് വരെ 18 വയസ്സിന് മുകളിലുള്ള എഴുപത് ശതമാനമാളുകൾക്കും ആദ്യ ഡോസിന്റെ വിതരണം പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് എഴുപത് ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞാൽ രണ്ടാമത്തെ ഡോസ് വിതരണം ആരംഭിക്കുമെന്ന് നേരത്തെ തന്നെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാസം അവസാനം മുതൽ തന്നെ അറുപത് വയസ്സിന് മുകളിലുള്ളവർക്ക് രണ്ടാമത്തെ ഡോസ് വിതരണം ചെയ്തു തുടങ്ങി. ഇന്ന് മുതൽ അമ്പത് വയസ്സിന് മുകളിലുള്ളവർക്കെല്ലാം രണ്ടാമത്തെ ഡോസിന്റെ വിതരണം ആരംഭിച്ചു.
സ്വിഹത്തി ആപ്പ് വഴി ഇതിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ സ്വിഹത്തി ആപ്ലിക്കേഷൻ ഇൻസ്റ്റാൾചെയ്തിട്ടുള്ള മൊബൈലുകളിൽ ആപ്ലിക്കേഷൻ അപ്‌ഡേറ്റ് ചെയ്താൽ മാത്രമേ ബുക്കിംഗ് സേവനം ലഭ്യമാകൂ. അടുത്ത മാസം മുതൽ എല്ലാവർക്കും രണ്ടാമത്തെ ഡോസ് വിതരണം ചെയ്തു തുടങ്ങുമെന്നാണ് സൂചന.
കോവിഡ് പ്രതിസന്ധിമൂലം നാട്ടിലേക്ക് പോകാൻ കഴിയാത്ത നിരവധി പേർ രണ്ടാമത്തെ ഡോസിനായുള്ള കാത്തിരിപ്പിലാണ്. ഇവർക്ക് ഏറെ ആശ്വാസകരമാണ് ആരോഗ്യമന്ത്രാലയത്തിൽ നിന്നുളള പുതിയ അറിയിപ്പ്. ഈ വർഷം അവസനാത്തോടെ 18 വയസ്സിന് മുകളിലുള്ള 70 ശതമാനം ആളുകളിലേക്കും രണ്ടാമത്തെ ഡോസിന്റേയും വിതരണം പൂർത്തിയാക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം.