കോവിഡിനെ വിജയകരമായി പ്രതിരോധിക്കുന്നതില്‍ സൗദി രണ്ടാമത്, നേതൃത്വത്തെ പ്രശംസിച്ച് ആരോഗ്യമന്ത്രി
ജനുവരിയില്‍ കോവിഡ് മഹാമാരിയെ വിജയകരമായി പ്രതിരോധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ സൗദി രണ്ടാമതെത്തി. ബ്ലൂംബെര്‍ഗ് ഏജന്‍സിയാണ് വിവിധ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തല്‍ നടത്തിയത്.
വിവേകപൂര്‍ണമായ പ്രവര്‍ത്തനങ്ങളും മികച്ച പ്രതിരോധ നടപടികല്‍ കൈകൊണ്ടതുമാണ് രാജ്യം ഈ നേട്ടം കൈവരിക്കുന്നതില്‍ നിര്‍ണായകമായതെന്ന് സൗദി ആരോഗ്യമന്ത്രി ഫഹദ് അല്‍ ജലാജില്‍ അഭിപ്രായപ്പെട്ടു.
മനുഷ്യന്റെ ആരോഗ്യത്തിന് പ്രഥമ പരിഗണനയാണ് ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്നത്. അതിലൂടെ രാജ്യത്തെ താമസക്കാരെല്ലാം അവബോധത്തോടെയും ക്രിയാത്മകമായും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതെല്ലാമാണ് പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കുന്നതിന് കൂടുതല്‍ സഹായകരമായതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സല്‍മാന്‍ രാജാവും കിരീടാവകാശിയുമടക്കമുള്ള നേതൃത്വത്തിന്റെ ശക്തമായ പിന്തുണയും ഗവണ്‍മെന്റ് വികസിപ്പിച്ച ആരോഗ്യ-സാമ്പത്തിക പദ്ധതികളും കൊറോണയെ പ്രതിരോധിക്കുന്നതില്‍ ഗുണപരമായ രീതിയില്‍ പ്രവര്‍ത്തിച്ചു.
ലോകത്തെ ഏറ്റവും വലിയ 53 സമ്പദ്വ്യവസ്ഥകളുള്ള രാജ്യങ്ങളുടെ കോവിഡ് പ്രതിരോധനടപടികള്‍ വിലയിരുത്തുന്ന പട്ടികയില്‍ മുന്‍പത്തെ പട്ടികയില്‍നിന്ന് 18 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് രാജ്യം പുതുവര്‍ഷം ആരംഭിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.