ഇന്ത്യയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച പ്രവാസികൾക്കും സൗദിയിൽ ബൂസ്റ്റർ ഡോസ് ലഭിച്ചു തുടങ്ങി

രണ്ടാം ഡോസ് സ്വീകരിച്ച ശേഷം ബൂസ്റ്റർ ഡോസ് എടുക്കാതെ എട്ട് മാസം പിന്നിട്ടാൽ തവക്കൽനായിലെ ഇമ്മ്യൂൺ സ്റ്റാറ്റസ് നഷ്ടമാകുമെന്ന് കഴിഞ്ഞ ദിവസം സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

Update: 2021-12-04 16:00 GMT
Editor : Nidhin | By : Web Desk
Advertising

ഇന്ത്യയിൽ നിന്ന് വാക്സിൻ സ്വീകരിച്ച് സൗദിയിലെത്തിയവർക്ക് ബൂസ്റ്റർ ഡോസ് ലഭിച്ചു തുടങ്ങി. നാട്ടിൽ നിന്ന് വാക്സിൻ സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർക്കാണ് ഇപ്പോൾ ബൂസ്റ്റർ ഡോസ് ലഭിക്കുന്നത്. സ്വിഹത്തി ആപ്ലിക്കേഷൻ വഴി ബൂസ്റ്റർ ഡോസിന് ബുക്ക് ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിൽ നിന്ന് കോവിഷീൽഡിന്റെ രണ്ട് ഡോസും സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർക്കാണ് ഇപ്പോൾ സൗദിയിൽ നിന്ന് ബൂസ്റ്റർ ഡോസ് ലഭിച്ച് തുടങ്ങിയത്. വാക്സിനേഷൻ മുൻഗണനാ വിഭാഗത്തിൽ പ്രവാസികളെയും ഉൾപ്പെടുത്തിയതിലൂടെ പല പ്രവാസികൾക്കും വളരെ നേരത്തെ തന്നെ വാക്സിന്റെ രണ്ട് ഡോസുകളും ഇന്ത്യയിൽ വെച്ച് സ്വീകരിക്കാനായിരുന്നു. ഇത്തരക്കാർക്കാണ് ഇപ്പോൾ ബൂസ്റ്റർ ഡോസ് ലഭിച്ച് തുടങ്ങിയത്.

ഇന്ത്യയിലെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് സൗദി ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തവർക്കെല്ലാം സ്വിഹത്തി ആപ്പ് വഴി ബൂസ്റ്റർ ഡോസിന് അപേക്ഷിക്കാം. സ്വിഹത്തി ആപ്ലിക്കേഷൻ തുറന്ന ശേഷം കോവിഡ് 19 വാക്സിൻ എന്ന ടാബ് ഓപ്പൺ ചെയ്താൽ ആദ്യ ഡോസും രണ്ടാം ഡോസും സ്വീകരിച്ചതിന്റെ വിശദാംശങ്ങൾ അറിയാനാകും. അതിന് താഴെയായി ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ യോഗ്യതയുള്ളവർക്ക് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനുള്ള ലിങ്ക് ലഭിക്കും.

രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പൂർത്തിയാകാത്തവർക്ക് ബുക്കിംഗ് ആരംഭിക്കുന്ന തീയതിയും അറിയാനാകും. രണ്ടാം ഡോസ് സ്വീകരിച്ച ശേഷം ബൂസ്റ്റർ ഡോസ് എടുക്കാതെ എട്ട് മാസം പിന്നിട്ടാൽ തവക്കൽനായിലെ ഇമ്മ്യൂൺ സ്റ്റാറ്റസ് നഷ്ടമാകുമെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ഫെബ്രുവരി ഒന്ന് മുതൽ ബൂസ്റ്റർ ഡോസ് എടുക്കാത്തവർക്ക് ജോലി ചെയ്യുന്നതിനും വിലക്കുണ്ട്.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News