ഭക്ഷ്യധാന്യ ഉത്പാദനത്തിൽ സ്വയം പര്യപ്തത നേടാൻ സൗദി; കൂറ്റൻ ഫാക്ടറി സ്ഥാപിക്കാൻ നടപടി ആരംഭിച്ചു
ജസാൻ തുറമുഖത്താണ് ഫാക്ടറിയുടെ നിർമാണം ആരംഭിച്ചത്
ദമ്മാം:ഭക്ഷ്യധാന്യങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനും സംഭരിക്കുന്നതിനുമായി സൗദി അറേബ്യ കൂറ്റൻ ഫാക്ടറി സ്ഥാപിക്കുന്നു. ഫാക്ടറിയുടെ നിർമാണ പ്രവൃത്തികൾക്ക് ജസാൻ ഗവർണർ തറക്കല്ലിട്ടു. പദ്ധതി വഴി സ്വദേശികളായ നിരവധി യുവതി യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
ജസാൻ തുറമുഖത്ത് ഭക്ഷ്യധാന്യ ഉത്പാദനത്തിന് കൂറ്റൻ ഫാക്ടറി നിർമ്മിക്കുന്നതിന് തറക്കല്ലിട്ടതായി സൗദി പ്രസ് ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. ജസാൻ ഗവർണർ മുഹമ്മദ് ബിൻ നാസർ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ നിർമാണോദ്ഘാടനം നിർവഹിച്ചു. ജസാൻ സിറ്റി ഫോർ ബേസിക് ആൻഡ് ട്രാൻസ്ഫോർമേറ്റീവ് ഇൻഡസ്ട്രീസ് സി.ഇ.ഒ ഹുസൈൻ ഫദ്ലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. പദ്ധതി മേഖലയുടെ മുഖച്ഛായ മാറ്റുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭക്ഷ്യധാന്യം ഇറക്കുമതി ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനും ഉത്പാദിപ്പിക്കുന്നതിനും സംഭരിക്കുന്നതിനുമുള്ള കൂറ്റൻ കേന്ദ്രമായാണ് ഫാക്ടറി രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൂന്ന് ലക്ഷം ടണ്ണിലധികം സംഭരണശേഷിയുള്ള 24 നിലവറകൾ, മൂന്ന് ഉത്പാദന കെട്ടിടങ്ങൾ, രണ്ട് ഫക്ടറികൾ, പതിനയ്യായിരം ചതുരശ്ര മീറ്ററിലധികം വിസ്തീർണ്ണമുള്ള നാല് വെയർഹൗസുകൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. ഒപ്പം പാക്കിംഗ് ട്രാക്കുകളും പത്തിലധികം പ്രൊഡക്ഷൻ ലൈനുകളും പദ്ധതിയുടെ ഭാഗമായി നിലവിൽ വരും. രാജ്യത്തെ ഭക്ഷ്യധാന്യങ്ങളുടെ ആവശ്യകത നിറവേറ്റുന്നതിനു സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഒപ്പം ആകർഷകമായ നിക്ഷേപ അവസരം പ്രദാനം ചെയ്യുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതി വഴി സ്വദേശികളായ പതിനായിരങ്ങൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനും വഴിയൊരുക്കും.