മെഡിക്കൽ മേഖലയിലെ സുതാര്യത: പ്രത്യേക കമ്മിറ്റി രൂപീകരിക്കാൻ സൗദി
സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷാലിറ്റി എന്ന പേരിലാണ് പുതിയ കമ്മിറ്റി രൂപീകരിക്കുക
ജിദ്ദ: സൗദിയിലെ മെഡിക്കൽ മേഖലയിൽ കൂടുതൽ സുതാര്യത കൈവരിക്കാൻ ആരോഗ്യ മന്ത്രാലയം പ്രത്യേക ചട്ടങ്ങൾ കൊണ്ടുവരുന്നു. ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ച് പഠനം പൂർത്തിയാക്കും. ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തുന്നവരുടേ അഭിപ്രായ സർവ്വേ പരിഗണിച്ചാണ് മന്ത്രാലയത്തിന്റെ പുതിയ നടപടികൾ. സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിൽ സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്‌പെഷാലിറ്റി എന്ന പേരിലാണ് പുതിയ കമ്മിറ്റി രൂപീകരിക്കുക.
രോഗിയുടെ സുരക്ഷയും സ്വകാര്യതയും കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. കമ്മിറ്റിയുടെ പഠനങ്ങൾക്ക് അനുസരിച്ച് ആരോഗ്യരംഗത്തെ നിയമങ്ങൾ ഭേദഗതി ചെയ്യാനാണ് മന്ത്രാലയം ആലോചിക്കുന്നത്. ആരോഗ്യപ്രവർത്തകർ രോഗിയോടുള്ള കടമകൾ പൂർണമായും നിർവഹിക്കണം. രോഗനിർണയം രോഗിയെ അറിയിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യണം. തുടർ ചികിത്സക്ക് മറ്റിടങ്ങളിലേക്ക് റഫർ ചെയ്യുന്നത് രോഗിയുമായി ചർച്ച ചെയ്യണം. കാലതാമസമില്ലാതെ സമയബന്ധിതമായി ആരോഗ്യ പരിരക്ഷയും സഹായവും പൂർത്തിയാക്കണം. രോഗിയുമായോ പരിചരിക്കാൻ എത്തുന്ന ബന്ധുക്കളുമായോ വ്യക്തി ബന്ധങ്ങൾ സ്ഥാപിക്കുന്നതിൽനിന്ന് ആരോഗ്യപ്രവർത്തകർ മാറി നിൽക്കണം തുടങ്ങി സുപ്രധാന നിർദ്ദേശങ്ങളാണ് ആരോഗ്യമന്ത്രാലയം മുന്നോട്ട് വെക്കുന്നത്. ഇതിലൂടെ ആരോഗ്യരംഗത്ത് കൂടുതൽ സുതാര്യമായ അന്തരീക്ഷ സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത്.