സൗദി ഇഖാമ കാലാവധി അവസാനിച്ചവർക്ക് മടങ്ങാൻ അവസരം; എംബസി നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യം

റിയാദ്, ജിദ്ദ ഭാഗങ്ങളിൽനിന്നുള്ളവരാണ് എംബസി നടപടികൾ പൂർത്തിയാക്കാൻ കാലതാമസം നേരിടുന്നത്

Update: 2021-07-06 19:13 GMT
Editor : Shaheer | By : Web Desk
Advertising

സൗദിയിൽ ഇഖാമ കാലാവധി അവസാനിച്ചവർക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് സൗദി സർക്കാർ ഏർപ്പെടുത്തിയ അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്നുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യം ശക്തമാകുന്നു. റിയാദ്, ജിദ്ദ ഭാഗങ്ങളിൽനിന്നുള്ളവർക്കാണ് എംബസി നടപടികൾ പൂർത്തിയാക്കാൻ കാലതാമസം നേരിടുന്നതായി പരാതി ഉയർന്നത്.

ഇഖാമ കാലാവധി അവസാനിച്ചവർക്ക് പിഴയും പ്രവേശനവിലക്കും കൂടാതെ നാടണയാൻ സൗദി സർക്കാർ ഏർപ്പെടുത്തിയ അവസരം പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് മീഡിയാവൺ ഇന്നലെ വാർത്ത നൽകിയിരുന്നു. ഈ സേവനത്തിനായി ഇതിനകം ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന നിരവധി പേരാണ് മീഡിയണവണ്ണിനെ ബന്ധപ്പെട്ടത്. സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് എംബസിയുടെ ഭാഗത്തുനിന്നുള്ള നടപടികൾ വേഗത്തിലാക്കണമെന്നാണ് ഇവരുടെ ആവശ്യം.

റിയാദ് നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികളും എംബസി വേഗത്തിലാക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. എന്നാൽ ഇഖാമ കാലാവധി കഴിഞ്ഞ കിഴക്കൻ പ്രവിശ്യയിൽനിന്നുള്ള അപേക്ഷകളിൽ എംബസിയിൽനിന്ന് വേഗത്തിൽ തീർപ്പ് ലഭിക്കുന്നതായി അനുഭവസ്ഥർ പറയുന്നു. സൗദി സർക്കാരിന്റെ സഹായം ഉപയോഗപ്പെടുത്താൻ നിരവധി പേർ തയാറാണെന്നും എന്നാൽ നടപടികൾ പൂർത്തിയാക്കാൻ നേരിടുന്ന കാലതാമസമാണ് പലരെയും പിന്നോട്ടടിപ്പിക്കുന്നതെന്നും ഈ രംഗത്തുള്ളവർ പറഞ്ഞു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News