യു.എൻ പ്രമേയത്തെ സ്വാഗതം ചെയ്ത് സൗദി; ശാശ്വത വെടിനിർത്തലിലേക്ക് നയിക്കുമെന്ന് പ്രതീക്ഷ
‘1967ലെ അതിർത്തികൾ പ്രകാരം കിഴക്കൻ ജറൂസലേമിനെ തലസ്ഥാനമാക്കി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം’
ജിദ്ദ: വിശുദ്ധ റമദാൻ മാസത്തിൽ ഗസ്സയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ശാശ്വതവും സുസ്ഥിരവുമായ വെടിനിർത്തലിലേക്ക് പ്രമേയം നയിക്കും.
കൂടാതെ മുഴുവൻ ബന്ദികളെയും മോചിപ്പിക്കാനും ഗസ്സയിൽ നൽകിവരുന്ന മാനുഷിക സഹായം കൂടുതൽ വിപുലീകരിക്കാനും പ്രമേയം വഴിയൊരുക്കുമെന്നും സൗദി പ്രത്യാശ പ്രകടിപ്പിച്ചു. ഗസ്സയിൽ സാധാരണക്കാർക്ക് നേരെയുള്ള ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണം തടയാനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണം.
ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ അവസാനിപ്പിച്ച് അവർക്ക് പ്രതീക്ഷ നൽകേണ്ടത് വളരെ അനിവാര്യമാണ്. സുരക്ഷിതത്വത്തോടെയും സ്വയം തീരുമാനത്തിലൂടെയും ജീവിക്കാനുള്ള അവകാശം നേടിയെടുക്കാൻ ഫസസ്തീൻ ജനതയെ പ്രാപ്തരാക്കണം. അതിനായി 1967ലെ അതിർത്തികൾ പ്രകാരം കിഴക്കൻ ജറൂസലേമിനെ തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.