സൗദിയിൽ അടുത്ത മാസം മുതൽ കോവിഡ് വാക്‌സിന്‍റെ മൂന്നാം ഡോസ് വിതരണം ചെയ്യും

കുത്തിവെപ്പെടുക്കാൻ പോകുന്നവർക്ക് വാക്‌സിൻ സെന്‍ററുകളിലേക്കും തിരിച്ചും സൗജന്യമായി യാത്രാസൗകര്യം ഒരുക്കിയതായി പൊതുഗതാഗത അതോറിറ്റി അറിയിച്ചു.

Update: 2021-08-27 17:37 GMT
Editor : Nidhin | By : Web Desk
Advertising

സൗദിയിൽ അടുത്ത മാസം മുതൽ കോവിഡ് വാക്‌സിന്‍റെ മൂന്നാം ഡോസ് വിതരണം ആരംഭിക്കും. അതേസമയം വാക്സിനേഷൻ സെന്‍ററുകളിലേക്കുള്ള യാത്ര ഗതാഗത അതോറിറ്റി സൗജന്യമാക്കി.കോവിഡ് ഭേദമായവരും വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.

അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർക്കും, ഡയാലിസിസ് രോഗികൾക്കും കോവിഡ് വാക്‌സിന്‍റെ മൂന്നാമത്തെ ഡോസ് വിതരണം ചെയ്യും. ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് അറബ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അടുത്ത മാസം തുടക്കത്തിൽ തന്നെ വിതരണം ആരംഭിക്കുവാനാണ് നീക്കം. കോവിഡ് ബാധിച്ച് ഭേദമായവർക്ക് ഒരു ഡോസ് കുത്തിവെപ്പെടുത്താൽ മതിയെന്നായിരുന്നു നേരത്തെ ആരോഗ്യ മന്ത്രാലയം നിർദേശിച്ചിരുന്നത്. എന്നാൽ ഇനി മുതൽ രോഗം ഭേദമായവരുൾപ്പെടെ എല്ലാവരും രണ്ട് ഡോസും സ്വീകരിക്കണമെന്ന് മന്ത്രാലയം ആവർത്തിച്ചു.

കോവിഡ് സ്ഥിരീകരിച്ച് പത്ത് ദിവസത്തിന് ശേഷം ആദ്യ ഡോസ് സ്വീകരിക്കാവുന്നതാണ്. ഡെൽറ്റ പോലുള്ള കോവിഡിന്‍റെ അപകടകരമായ വകഭേദങ്ങളെ പ്രതിരോധിക്കുവാൻ രണ്ട് ഡോസും സ്വീകരിക്കൽ അനിവാര്യമാണെന്ന് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതായും മന്ത്രാലയം വ്യക്തമാക്കി. കുത്തിവെപ്പെടുക്കാൻ പോകുന്നവർക്ക് വാക്‌സിൻ സെന്‍ററുകളിലേക്കും തിരിച്ചും സൗജന്യമായി യാത്രാസൗകര്യം ഒരുക്കിയതായി പൊതുഗതാഗത അതോറിറ്റി അറിയിച്ചു.

ആരോഗ്യ മന്ത്രാലയവും യൂബറുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു ദിശയിലേക്ക് പരമാവധി 50 റിയാൽ വരെയുള്ള യാത്ര, വാക്‌സിൻ സെന്‍ററുകളിലേക്കും തിരിച്ചും സൗജന്യമായി ലഭിക്കും. സെപ്തംബർ 15 വരെയാണ് ഈ സേവനം ലഭിക്കുക.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News