സൗദി തൊഴിൽ വിസയും കുടുംബത്തിന്റെ സ്ഥിര താമസ വിസയും സ്റ്റാമ്പ് ചെയ്യാം

അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസികൾ വഴി സൗദിയിലേക്കുള്ള വിസകൾ സ്റ്റാമ്പ് ചെയ്യാൻ സമർപ്പിക്കാം

Update: 2023-06-01 19:00 GMT
Advertising

സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസയും കുടുംബത്തിന് സ്ഥിര താമസത്തിനുള്ള വിസയും സ്റ്റാമ്പ് ചെയ്യുന്നതിന് പാസ്പോർട്ടുകൾ സമർപ്പിക്കാമെന്ന് ഡൽഹിയിലെ സൗദി എംബസി അറിയിച്ചു. അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസികൾ വഴി സൗദിയിലേക്കുള്ള വിസകൾ സ്റ്റാമ്പ് ചെയ്യാൻ സമർപ്പിക്കാം. വിഎഫ്എസ് കേന്ദ്രങ്ങളിൽ തിരക്കേറിയതോടെ തൊഴിൽ വിസക്ക് വിരലടയാളം നൽകണമെന്ന നിബന്ധന ബലിപെരുന്നാൾ വരെ നിർത്തി വെച്ചിട്ടുണ്ട്. എന്നാൽ സന്ദർശന വിസക്കുള്ള നിബന്ധനയിൽ മാറ്റമില്ല.

സ്റ്റാമ്പിങ്ങിന് വി.എഫ്.എസ് കേന്ദ്രം വഴി അപേക്ഷകരുടെ വിരലടയാളം നിർബന്ധമാണെന്ന നിർദേശത്തെ തുടർന്ന് തൊഴിൽ വിസകളും ഇഖാമയിൽ സൗദിയിൽ താമസിക്കാനുള്ള ഫാമിലി വിസകളും പതിക്കാൻ താൽക്കാലിക തടസ്സം നേരിട്ടിരുന്നു. തിരക്കേറിയതോടെ തൊഴിൽ വിസക്ക് ബലിപെരുന്നാൾ അവധി വരെ വിരലടയാളം ആവശ്യമില്ലെന്ന് സൗദി കോൺസുലേറ്റ് അറിയിച്ചു.

ഇതിന്റെ തുടർച്ചയായാണ് പുതിയ ഉത്തരവ്. ഇതു പ്രകാരം ജൂൺ അഞ്ചിന് രാവിലെ ഒമ്പത് മുതൽ വിസ സ്റ്റാമ്പിങ്ങിനുള്ള പാസ്‌പോർട്ടുകൾ സമർപ്പിക്കാമെന്ന് എംബസി ഏജൻസികൾക്ക് അറിയിപ്പ് നൽകി.പു തിയ സർക്കുലർ അനുസരിച്ച് ഏജൻസികൾക്ക് ഡൽഹി എംബസിയിലും മുംബൈ കോൺസുലേറ്റിലും നേരിട്ട് പാസ്‌പോർട്ടുകൾ സമർപ്പിക്കാനാകും. കോവിഡ് തുടങ്ങിയത് മുതൽ ഡൽഹി എംബസിയിൽ സാനിറ്റൈസേഷൻ പൂർത്തിയാക്കിയേ പാസ്പോർട്ടുകൾ മാത്രമേ സ്വീകരിച്ചിരു്നുള്ളൂ. സാനിറ്റൈസേഷന് വലിയ തുകയും ഈടാക്കിയിരുന്നു. എന്നാൽ ഇനി മുതൽ ഡൽഹിയിൽ സാനിറ്റൈസേഷനും ആവശ്യമില്ല.

ഇതോടെ ഇവിടെ സ്റ്റാമ്പിങ് ചെയ്യാനുള്ള ചാർജിൽ മാറ്റം വരും. തൊഴിൽ വിസകളും സൗദിയിൽ സ്ഥിര താമസത്തിനുള്ള കുടുംബ വിസകളും സ്റ്റാമ്പ് ചെയ്യാൻ ഡൽഹി എംബസിയിലും മുംബൈ കോൺസുലേറ്റിലും പാസ്‌പോർട്ടുകൾ നേരിട്ട് സ്വീകരിക്കും. പെരുന്നാൾവരെയാണ് നേരിട്ട് സമർപ്പിക്കാനുള്ള അനുമതിയെങ്കിലും ഇത് ദീർഘിപ്പിക്കുമോ എന്നതിൽ വ്യക്തതയില്ല. അതേസമയം, സന്ദർശക, ബിസിനസ്, ടൂറിസം വിസകൾ സ്റ്റാമ്പ് പതിക്കാൻ വി.എഫ്.എസ് കേന്ദ്രത്തിലെത്തി വിരലടയാളം നൽകണമെന്ന നിയമത്തിൽ മാറ്റമില്ല. കേരളത്തിലുള്ളവർ സന്ദർശക വിസകൾ സ്റ്റാമ്പ് ചെയ്യുന്നതിന് വിരലടയാളം നൽകാൻ കൊച്ചിയിലാണ് പോകുന്നത്. ഈ വിഎഫ്എസ് കേന്ദ്രത്തിലാകട്ടെ അടുത്ത മാസാവസാനം വരെയുള്ള അപ്പോയിന്റ്മെന്റുകൾ പൂർത്തിയായതിനാൽ മന്ദഗതിയിലാണ് സൗദിയിലേക്കുള്ള സന്ദർശക വിസാ സ്റ്റാമ്പിങ്.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News