സർക്കാർ ആശുപത്രികളിലെ സേവനം വിദേശികൾക്ക് അത്യാവശ്യ ഘട്ടത്തിൽ മാത്രം: സൗദി ആരോഗ്യ മന്ത്രാലയം
അത്യാവശ്യ ഘട്ടത്തിൽ വിദേശികൾക്ക് ചികിത്സ അനുവദിക്കുമെങ്കിലും അതിനുള്ള ചെലവ് രോഗിയുടെ ഇൻഷൂറൻസ് കമ്പനിയിൽ നിന്നോ സ്പോൺസറിൽ നിന്നോ ഈടാക്കും
സൗദിയിൽ സർക്കാർ ആശുപത്രികളിലെ സേവനം വിദേശികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമെന്ന് ആരോഗ്യ മന്ത്രാലയം. വാഹനാപകട കേസുകളിൽ ഏതൊരാൾക്കും ആശുപത്രികൾ ചികിത്സ നൽകണമെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് സർക്കാർ ആശുപത്രികളുടെ സേവനം സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ് സൗദി.
അത്യാവശ്യ ഘട്ടത്തിൽ വിദേശികൾക്ക് ചികിത്സ അനുവദിക്കുമെങ്കിലും അതിനുള്ള ചെലവ് രോഗിയുടെ ഇൻഷൂറൻസ് കമ്പനിയിൽ നിന്നോ സ്പോൺസറിൽ നിന്നോ ഈടാക്കും. അവയവം മാറ്റിവെക്കൽ, ദന്ത ചികിത്സ, വന്ധ്യത ചികിത്സ, ടെസ്റ്റ് ട്യൂബ് ശിശു, മജ്ജ മാറ്റിവെക്കൽ പോലെയുള്ളവ സർക്കാർ ആശുപത്രികളിൽ പരിഗണിക്കില്ല. എന്നാൽ കിഡ്നി രോഗിക്ക് അത്യാസന്ന നിലയിൽ ഡയാലിസിസ് പോലെയുള്ളവ നൽകുന്നതിന് പരിഗണന നൽകുമെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരം ഘട്ടങ്ങളിൽ ആശുപത്രി അധികൃതർ അതാത് ഗവർണറേറ്റുകളിൽ അറിയിച്ച് അനുമതി തേടണം. സ്വകാര്യ ആശുപത്രിയിൽ ചികിത്സ ലഭ്യമല്ലാത്ത സഹാചര്യത്തിൽ ചെലവ് സ്പോൺസർ വഹിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.