സൗദിയിൽ ഏഴ് പ്രകൃതി വാതക പാടങ്ങൾ കണ്ടെത്തി
അറബ് ലോകത്ത് ഈ വർഷം ഏറ്റവും കൂടുതൽ വാതക പാടങ്ങൾ കണ്ടെത്തിയത് സൗദി അറേബ്യയിലാണ്
ജിദ്ദ: സൗദിയിൽ ഈ വർഷം ഏഴ് പ്രകൃതി വാതക പാടങ്ങൾ കണ്ടെത്തിയതായി ഊർജ മന്ത്രി അറിയിച്ചു. അറബ് ലോകത്ത് ഈ വർഷം ഏറ്റവും കൂടുതൽ വാതക പാടങ്ങൾ കണ്ടെത്തിയത് സൗദി അറേബ്യയിലാണ്. അൾജീരിയയിൽ നാലും, യു.എ.ഇയിലും ഈജിപ്തിലും മൂന്ന് വീതവും വാതക പാടങ്ങൾ ഈ വർഷം കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്ത് അഞ്ചു പ്രകൃതി വാതക പാടങ്ങൾ കണ്ടെത്തിയതായി ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചിരുന്നു. മധ്യസൗദിയിലെ ശദൂൻ, റുബ്ഉൽ ഖാലിയിലെ ശിഹാബ്, അൽശർഫ, അറാറിലെ ഉമ്മുഖൻസർ, കിഴക്കൻ സൗദിയിലെ സംന എന്നിവിടങ്ങളിലാണ് ഈ വർഷാദ്യം വാതക പാടങ്ങൾ കണ്ടെത്തിയത്. ഇതിന് പുറമെ കിഴക്കൻ പ്രവിശ്യയിൽ പെട്ട ഹുഫൂഫിലും ദഹ്‌റാനിലും രണ്ടു വാതക പാടങ്ങൾ കൂടി കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ഊർജ മന്ത്രി അറിയിച്ചു.
ഇതുൾപ്പെടെ ഏഴ് വാതകപാടങ്ങൾ ഈ വർഷം സൗദിയിൽ കണ്ടെത്തിയിട്ടുണ്ട്. ഹുഫൂഫ് നഗരത്തിന് തെക്കുപടിഞ്ഞാറ് 142 കിലോമീറ്റർ ദൂരെ കണ്ടെത്തിയ ഔതാദ് പാടത്തെ ഒരു കിണറിൽനിന്ന് പ്രതിദിനം ഒരു കോടി ഘനയടി വാതകവും 740 ബാരൽ കണ്ടൻസേറ്റുകളും, രണ്ടാമത്തെ കിണറിൽ നിന്ന് പ്രതിദിനം 1.69 കോടി ഘനയടി വാതകവും 165 ബാരൽ കണ്ടൻസേറ്റുകളും തോതിൽ പ്രവഹിച്ചു.
ദഹ്‌റാൻ നഗരത്തിന് തെക്കുപടിഞ്ഞാറ് 230 കിലോമീറ്റർ ദൂരെയാണ് രണ്ടാമത്തെ വാതകപാടം കണ്ടെത്തിയത്. ഇവിടുത്തെ കിണറുകളിൽ ഒന്നിൽ നിന്ന് പ്രതിദിനം 81 ലക്ഷം ഘനയടി വാതകവും രണ്ടാമത്തെ കിണറിൽ നിന്ന് പ്രതിദിനം 1.75 കോടി ഘനയടി വാതകവും 362 ബാരൽ കണ്ടൻസേറ്റുകളും പുറത്തുവന്നു. പുതിയ വാതക പാടങ്ങൾ കണ്ടെത്തിയത് സൗദി അറേബ്യയുടെ പ്രകൃതി വാതക ശേഖരം വർധിപ്പിക്കാനും ദ്രവീകൃത ഇന്ധന ഉപയോഗം കുറക്കാനുള്ള പദ്ധതിക്ക് സഹായകരമാകുമെന്ന് ഊർജ മന്ത്രി പറഞ്ഞു