അലിയും ഉമറും ഇനി രണ്ട് ശരീരമായി ജീവിക്കും; സയാമീസ് ഇരട്ടകളെ സൗദിയിൽ വേർപ്പെടുത്തി
കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിന് കീഴിലായിരുന്നു സൗജന്യ ശസ്ത്രക്രിയ
റിയാദ്: 11 മണിക്കൂറിനൊടുവിൽ സയാമീസ് ഇരട്ടകളെ സൗദിയിൽ വിജയകരമായി വേർപ്പെടുത്തി. ഇതു വരെ നടന്നതിൽ ഏറ്റവും സങ്കീർണമായ ശസ്ത്രക്രിയക്കാണ് റിയാദിൽ വിജകരമായ അവസാനം. ഇറാഖി വംശജരായ രണ്ട് കുരുന്നുകളും സുഖം പ്രാപിച്ചുവരികയാണ്. കിങ് സൽമാൻ റിലീഫ് കേന്ദ്രത്തിന് കീഴിലായിരുന്നു സൗജന്യ ശസ്ത്രക്രിയ.
അലിയും ഉമറും. ഒന്നിച്ചൊറ്റ ശരീരമായാണ് പിറന്നത്. അവരെ വേർപ്പെടുത്താനായി കഴിഞ്ഞയാഴ്ചയാണ് സൗദിയിലെത്തിച്ചത്. സയാമീസ് ഇരട്ടകളെ വേർപ്പെടുത്തുന്നതിൽ പേരുകേട്ട റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലുള്ള കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിന് കീഴിലായിരുന്നു സർജറിക്കുള്ള ശ്രമങ്ങൾ.
കരളും കുടലുമെല്ലാം ഒന്നിച്ച് കെട്ടിപ്പിണഞ്ഞിരുന്നു. വേർപ്പെടുത്തിയാൽ ശരീരത്തിന്റെ തൊലിയുൾപ്പെടെ രണ്ടിലൊരാൾക്ക് തികയാതെ വരികയും ചെയ്യും. ഇതുവരെ സൗദിയിൽ ചെയ്ത 54 സയാമീസ് ഇരട്ടകളുടെ സർജറിയിലെ ഏറ്റവും സങ്കീർണമായ കേസ്. പക്ഷേ, ആശുപ്രതിക്കകത്തെത്തിയ കുരുന്നുകളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ നിറവായിരുന്നു. വേർപ്പെടുത്താൻ പോകും മുന്നേ കുരുന്നുകളെ ചുംബിച്ച ഉമ്മ വിങ്ങിുപ്പൊട്ടി. പടച്ചവനോട് പ്രാർഥിച്ചു കൊണ്ടവർ കാത്തിരുന്നു.
ആറ് ഘട്ടമായി 11 മണിക്കൂർ നീണ്ട സർജറി, 27 പേരടങ്ങുന്ന മെഡിക്കൽ സംഘം.. എല്ലാം ആശുപ്രതിക്ക് പുറത്തിരുന്നു ഉമ്മയുമുപ്പയും കണ്ടു. കുഞ്ഞുമക്കളുടെ കരളുകൾ രണ്ടു പേർക്കായി പകുത്തു. കുടലുകൾ വേർപ്പെടുത്തി. ശരീരത്തിലേക്ക് തികയാതെ വന്ന തൊലിക്കായി പ്ലാസ്റ്റിക് സർജറി. അങ്ങിനെ വിജയകരമായ ശസ്ത്രക്രിയ പൂർത്തിയായി.
അലിയും ഉമറും രണ്ടു ശരീരമായി. സുഖം പ്രാപിക്കും വരെ ആശുത്രിയിൽ തുടരും. 23 രാജ്യങ്ങളിൽ നിന്നുള്ള 54 ഇരട്ടകളെ ഇതുപോലെ സൗദി വേർപ്പെടുത്തിയിട്ടുണ്ട്. എല്ലാം സൗജന്യമായിരുന്നു. സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. അലിയും ഉമറും മാതാപിതാക്കളേയും ഇറാഖിൽ നിന്നും സൗദിയിലേക്ക് പ്രത്യേക വിമാനത്തിലാണ് എത്തിച്ചത്.