സൗദിയിൽ മുതിർന്നവർക്കിടയിൽ പുകവലി വർധിക്കുന്നു
നിഷ്ക്രിയ പുകവലിക്ക് വിധേയരാകുന്നത് 33% പേർ
റിയാദ്: സൗദിയിൽ മുതിർന്നവർക്കിടയിൽ പുകവലി വർധിക്കുന്നതായി കണക്കുകൾ. രാജ്യത്തെ മുതിർന്നവർക്കിടയിലെ പുകവലി വ്യാപനം 12.4 ശതമാനമാണ്. അതേസമയം നിഷ്‌ക്രിയ പുകവലിക്ക് വിധേയരാകുന്നത് 33 ശതമാനം പേരുമാണ്. മറ്റുള്ളവരുടെ പുകവലി മൂലം പുക ശ്വസിക്കുകയോ, പുകവലിയുടെ ദൂഷ്യങ്ങളോ അനുഭവിക്കുന്നവരാണ് നിഷ്‌ക്രിയ പുകവലിക്കാർ.
30 ശതമാനം പേരും കളി സ്ഥലങ്ങൾ, തെരുവുകൾ, പാർക്കുകൾ, കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് നിഷ്‌ക്രിയ പുകവലിക്ക് വിധേയരാകുന്നത്. 23.1 ശതമാനം ആളുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ,റസ്റ്റോറന്റുകൾ, ഷോപ്പിംഗ് സെന്ററുകൾ, വാഹനങ്ങൾ, തീയേറ്ററുകൾ എന്നിവിടങ്ങളിൽ നിന്നുമാണ്. വീടുകളിൽ 11.3 ശതമാനമാണ് ഈ നിരക്ക്. പുകവലിക്കാരിൽ 29.9 ശതമാനം പേരും ദിനേന രണ്ടു മുതൽ അഞ്ചു സിഗരറ്റ് വരെ വലിക്കുന്നവരാണ്. 10.4 ശതമാനം പേർ ദിവസത്തിൽ 20 ലേറെ സിഗരറ്റുകൾ വലിക്കുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 6.9 ശതമാനം പുകവലിക്കാർ ദിവസേന ഒരു സിഗരറ്റ് എന്ന തോതിലാണ് ഉപയോഗിക്കുന്നത്.