മഞ്ഞ് വീണ് സൗദിയിലെ ഹൈറേഞ്ചുകൾ; വിവിധയിടങ്ങളിൽ വ്യാഴാഴ്ച വരെ മഴ സാധ്യത
ത്വാഇഫ്, നമാസ്, അൽബഹ റൂട്ടികളിലെ കുന്നുകളിൽ മഞ്ഞു വീണത് കാണാൻ നിരവധി പേരാണെത്തിയത്.
റിയാദ്: സൗദിയുടെ മലയോര മേഖലയിൽ കനത്ത മഴയും മഞ്ഞു വീഴ്ചയും തുടരുന്നു. വ്യാഴാഴ്ച വരെ സൗദിയുടെ വ്യത്യസ്ത ഭാഗങ്ങളിൽ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. കനത്ത ചൂടിലേക്ക് കടക്കുന്നതിന് മുന്നോടിയായാണ് മഴയെന്ന് കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടി.
ത്വാഇഫ്, നമാസ്, അൽബഹ റൂട്ടികളിലെ കുന്നുകളിൽ മഞ്ഞു വീണത് കാണാൻ നിരവധി പേരാണെത്തിയത്.മഴ പെയ്ത് ഏതാനും സമയം മാത്രമേ ഇവ നീണ്ടു നിൽക്കൂ. ഇതറിയാവുന്ന സൗദികൾ മുൻകൂട്ടി ഈ മേഖലകളിലെത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയെ തുടർന്ന് ജാഗ്രതാ നിർദേശമുണ്ട്. അസീറിലെ കുന്നുകളിലും ആലിപ്പഴ വീഴ്ചയുണ്ടാകും.
സൗദിയുടെ മിക്ക പ്രദേശങ്ങളിലും അടുത്ത വ്യാഴാഴ്ച വരെ മഴയും ഇടിയും മിന്നലും തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. അസീർ, അൽബാഹ, ജിസാൻ, മക്ക, നജ്‌റാൻ, അൽ ഖാസിം, റിയാദ്, ഹായിൽ മേഖലകളിൽ മണിക്കൂറിൽ 55 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള പൊടിക്കാറ്റിനും സാധ്യതയുണ്ട്.
ഈ പ്രദേശങ്ങൾ പേമാരിയും ആലിപ്പഴ വർഷവുമുണ്ടാകും. തബൂക്ക്, മദീന, അൽജൗഫ്, വടക്കൻ അതിർത്തികൾ എന്നിവടങ്ങളിലും കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.
പെരുന്നാൾ അവധിയായതിനാൽ പ്രവാസി കുടുംബങ്ങളും യാത്രയിലുണ്ട്. മഴയ്ക്കനുസരിച്ച് യാത്രയിൽ മുൻകരുതൽ സ്വീകരിക്കണം. വാഹനത്തിൽ അവശ്യ വസ്തുക്കളും മെയിന്റനൻസ് വസ്തുക്കളും ഉറപ്പു വരുത്തുകയും വേണം.