സുഡാൻ സംഘർഷത്തിന് പരിഹാരം കാണൽ; ജിദ്ദയിൽ സൗദി- യുഎസ് മധ്യസ്ഥതയിൽ ചർച്ച
സുഡാൻ സൈനിക പ്രതിനിധികളും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു
ജിദ്ദ: മൂന്നാഴ്ച പിന്നിട്ട ആഭ്യന്തര യുദ്ധത്തിന് പരിഹാരം കാണാൻ സുഡാനിലെ രണ്ട് കക്ഷികളുമായി യുഎസ് സൗദി മധ്യസ്ഥതയിൽ ആദ്യ വട്ട ചർച്ച നടത്തി. സുഡാൻ സൈനിക പ്രതിനിധികളും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾ വിവിധ ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുക. ഇതിനിടെ, ജിദ്ദയിൽ നിന്നും സുഡാനിലേക്കുള്ള വിമാന സർവീസുകൾക്കും തുടക്കം കുറിച്ചു.
സൈനിക പ്രതിനിധി സംഘത്തിൽ മൂന്നു മുതിർന്ന ഉദ്യോഗസ്ഥരും ഒരു അംബാസഡറും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസ് പ്രതിനിധി സംഘത്തിൽ മൂന്നു മുതിർന്ന ഉദ്യോഗസ്ഥരുമാണുണ്ടായിരുന്നത്. സംഘർഷത്തോടെ ഉയർന്ന മാനുഷിക പ്രശ്നങ്ങളാണ് ചർച്ചകളിൽ വന്നതെന്നാണ് റിപ്പോർട്ടുകൾ.
വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകളാണ് ആദ്യഘട്ടത്തിലുണ്ടാവുക. സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ നിരവധി രാജ്യങ്ങളുടെ വിദേശ മന്ത്രിമാരുമായും യു.എൻ സെക്രട്ടറി ജനറലുമായും സുഡാൻ നേതാക്കളുമായും ഫോണിൽ ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ജിദ്ദയിൽ നടക്കുന്നത്. ഇതോടൊപ്പം സൗദിയിൽ നിന്നും സുഡാനിലേക്കുള്ള വിമാന സർവീസുകളും പുനരാരംഭിച്ചിട്ടുണ്ട്. സുഡാനിൽ വിമാനത്താവളത്തിലെ സുരക്ഷ ഉറപ്പാക്കിയാണ് സർവീസുകൾ നടത്തുന്നത്.