ഉംറ തീർഥാടകർക്കിടയിൽ അഭിപ്രായ സർവേ; ഉദ്യോഗസ്ഥരെ നിയമിച്ചു
ഇരു ഹറം കാര്യാലയത്തിനു കീഴിലെ സ്ഥിതിവിവര കണക്കെടുപ്പ് കേന്ദ്രമാണ് തീർഥാടകരിൽനിന്ന് അഭിപ്രായങ്ങൾ ശേഖരിക്കുന്നത്
സൗദി അറേബ്യ: ഉംറ തീർഥാടകർക്കിടയിൽ അഭിപ്രായ സർവേ നടത്താൻ മക്കയിലെ ഹറമിൽ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചു. തീർഥാടകർക്ക് നൽകി വരുന്ന സേവനങ്ങൾ കൂടൂതൽ മികവുറ്റതാക്കുന്നതിന്റെ ഭാഗമായാണ് സർവേ.
മക്കയിലെ ഹറം പള്ളിയിലെത്തുന്ന തീർഥാടകർക്കും സന്ദർശകർക്കും നൽകി വരുന്ന സേവനങ്ങളുടെ ഗുണനിലവാരം മനസ്സിലാക്കുകയാണ് ഫീൽഡ് സർവേയുടെ ലക്ഷ്യം. ഇങ്ങിന ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭാവി പദ്ധതികൾ ആസുത്രണം ചെയ്യും.
ത്വവാഫി'നും 'സഅ്ഇ'നും എടുക്കുന്ന സമയം, ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാര്യക്ഷമത, നമസ്കാരത്തിനും മറ്റും തീർഥാടകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങൾ, അവയുടെ കാരണങ്ങൾ തുടങ്ങി നിരവധി വിവരങ്ങൾ വിശ്വാസികളിൽ നിന്ന് ചോദിച്ചറിയും. ഉംറയുടെ കർമങ്ങൾ നിർവഹിക്കുന്ന സമയത്താണ് തീർഥാടകരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുക.
ഹറമിലെ ഫീൽഡ് പ്രവർത്തനങ്ങളും ഭരണനിർവഹണ സംവിധാനവും കുറ്റമറ്റതാക്കാനും വിപുലപ്പെടുത്താനും സർവേ വിവരങ്ങൾ ഉപകരിക്കുമെന്ന് സ്ഥിതിവിവര കണക്കെടുപ്പ് കേന്ദ്രം ഡയറക്ടർ മുഹമ്മദ് ബിൻ സാദ് അൽ സുവൈഹി പറഞ്ഞു. ഏറ്റവും മികച്ച സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ കേന്ദ്രം ശ്രദ്ധചെലുത്തുന്നുണ്ടെന്നും സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിൽ ഈ അഭിപ്രായ സർവേകൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.