സ്‌പോണ്‍സറുടെ വ്യാജകേസ്; ദുരിതത്തിലായ തമിഴ്‌നാട് സ്വദേശികള്‍ മടങ്ങി
സൗദിയിലെ അല്‍ഹസ്സയില്‍ മൂന്ന് വര്‍ഷം ജോലി ചെയ്തിട്ടും ശമ്പളം നല്‍കാതെ സ്‌പോണ്‍സര്‍ കേസില്‍പെടുത്തിയ തമിഴ്‌നാട് സ്വദേശികള്‍ നാട്ടിലേക്ക് മടങ്ങി. സാമൂഹ്യ പ്രവര്‍ത്തകന്റെയും ഇന്ത്യന്‍ എംബസിയുടെയും ഇടപെടലിനെ തുടര്‍ന്നാണ് ഒടുവില്‍ മടക്കം സാധ്യമായത്.
നാല് വര്‍ഷം മുമ്പാണ് തമിഴ്‌നാട് സ്വദേശികളായ ശെല്‍വരാജും ജയശേഖരന്‍ ഫ്രാന്‍സിസും മേസണ്‍ ജോലിയില്‍ അല്‍ഹസ്സയിലെത്തിയത്. ആദ്യത്തെ വര്‍ഷം ശമ്പളം കൃത്യമായി ലഭിച്ചെങ്കിലും പിന്നീട് അത് മുടങ്ങി. ശമ്പളം ലഭിക്കാത്തതിന് ലേബര്‍ കോടതിയെ സമീപിക്കാനൊരുങ്ങിയ ഇരുവരെയും സ്‌പോണ്‍സര്‍ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച് കേസ് നല്‍കി.
സാമൂഹ്യ പ്രവര്‍ത്തകന്റെ ഇടപെടലില്‍ കോടതി കേസ് വിളിപ്പിച്ചെങ്കിലും സ്‌പോണ്‍സര്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് തള്ളിപ്പോയി. താമസരേഖയും മെഡിക്കല്‍ ഇന്‍ഷൂറന്‍സുമില്ലാതെ കോവിഡ് കാലത്ത് ഏറെ പ്രയാസമനുഭവിക്കേണ്ടി വന്ന ഇരുവരും നിയമതടസം നീങ്ങിയതോടെ സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞ് നാട്ടിലേക്ക് മടങ്ങി.