സൗദി പ്രദേശങ്ങളിൽ ശക്തമായ പൊടിക്കാറ്റ്; ശ്വാസ തടസ്സത്തിന് ചികിത്സ തേടിയത് നൂറിലധികം പേർ
റിയാദിലും, കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലും പുലർച്ചെ മുതൽ ആരംഭിച്ച പൊടിക്കാറ്റ് ദൂരകാഴ്ചയെ തടസ്സപ്പെടുത്തി
സൗദിയിൽ വേനൽ ചൂട് ശക്തി പ്രാപിക്കുന്നതിന്റെ മുന്നോടിയായി മിക്ക ഭാഗങ്ങളിലും ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു തുടങ്ങി. റിയാദിലും, കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലും പുലർച്ചെ മുതൽ ആരംഭിച്ച പൊടിക്കാറ്റ് ദൂരകാഴ്ചയെ തടസ്സപ്പെടുത്തി. മക്ക, മദീന, ഹാഇൽ, അസീർ, തബൂക്ക് മേഖലകളിലും കാറ്റ് തുടരുകയാണ്. ശക്തമായ കാറ്റിനെ തുടർന്ന് നൂറിലേറെ പേർ ശ്വാസതടസ്സത്തിന് ചികിൽസ തേടുകയും ചെയ്തു.
ഹൈവേകളിൽ ഡ്രൈവിംഗ് ചെയ്യുന്നവർ ഒരുപാട് പ്രയാസപ്പെട്ടു. ട്രാഫിക് സിവിൽ ഡിഫൻസ് വിഭാഗങ്ങൾ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു. ചെങ്കടലിൽ നിന്നുള്ള ഉപരിതല കാറ്റ് വടക്ക് മധ്യ ഭാഗങ്ങളിലേക്ക് ഇരുപത്തിയഞ്ച് മുതൽ നാൽപ്പത്തിയഞ്ച് കിലോമീറ്റർ വേഗതയിലും, അറേബ്യൻ ഉൾകടലിൽ നിന്നുള്ള കാറ്റ് ഇരുപത്തിയഞ്ച് മുതൽ നാൽപ്പത്തിയഞ്ച് കിലോമീറ്റർ വേഗതയിലും ആഞ്ഞ് വീശിയതാണ് പൊടിക്കാറ്റിനിടയാക്കിയതെന്ന് കാലവസ്ഥാ കേന്ദ്രം വ്യക്തമാക്കി. മധ്യ കിഴക്കൻ പ്രവിശ്യകൾക്ക് പുറമേ നജ്റാൻ, അൽഖസീം, അൽബാഹ അൽജൗഫ് ഭാഗങ്ങളിലും കാറ്റ് അനുഭവപ്പെട്ടു വരുന്നുണ്ട്.