സൗദിയിൽ ജൂൺ ആദ്യത്തിൽ വേനൽക്കാലത്തിന് തുടക്കമാകും
തിങ്കളാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു
ദമ്മാം: ജൂൺ ആദ്യത്തോടെ സൗദിയിൽ വേനൽക്കാലത്തിന് തുടക്കമാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കടുത്ത വേനലായിരിക്കും ഇത്തവണ രാജ്യത്ത് അനുഭവപ്പെടുക. തിങ്കളാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അതേസമയം, വേനൽകാലത്തും ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ ആഴ്ചയോടെ വസന്തകാലത്തിന് വിരമമാകും. ഇതിന്റെ സൂചനയാണ് വിവിധ ഭാഗങ്ങളിൽ താപനിലയിൽ ഉണ്ടായ മാറ്റം. കിഴക്കൻ പ്രവിശ്യയിയും മധ്യ പ്രവിശ്യയിലും ഇതിനകം താപനിലയിൽ വർധനവുണ്ടായിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇത് ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട സൂചിപ്പിക്കുന്നു.
എന്നാൽ ഈ ആഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. മക്ക, താഇഫ്, റിയാദ്, നജ്റാൻ, അസീർ, അൽബാഹ മേഖലയിലാണ് മിതമായതോ കനത്തതോ ആയ മഴക്ക സാധ്യതയുള്ളത്. കിഴക്കൻ പ്രവിശ്യയിലും വടക്കൻ അതിർ പ്രദേശങ്ങളിലും പൊടിക്കാറ്റിനും സാധ്യതയുള്ളതായും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.