ടോക്യോ ഒളിമ്പിക്‌സ്: സൗദിക്കായി ആദ്യ മെഡൽ നേടിയ താരീഖിന് 50 ലക്ഷം റിയാൽ
75 കിലോ വിഭാഗം കരാട്ടെയിലാണ് താരീഖ് ഹാമിദ് വെള്ളി മെഡൽ നേടിയത്
ടോക്യോ ഒളിംപിക്സിൽ സൗദിക്ക് വേണ്ടി ആദ്യ മെഡൽ സ്വന്തമാക്കിയ താരിഖ് ഹാമിദിക്ക് 50 ലക്ഷം റിയാൽ പാരിതോഷികം പ്രഖ്യാപിച്ചു. 75 കിലോ വിഭാഗം കരാട്ടെയിലാണ് താരീഖ് ഹാമിദ് വെള്ളി മെഡൽ നേടിയത് . അതിനിടെ ഫൗൾ ചൂണ്ടിക്കാട്ടി താരിഖിനെ ഫൈനലിൽ പുറത്താക്കിയതിനെ പരോക്ഷമായി വിമർശിച്ച് സൗദി കായിക മന്ത്രി രംഗത്തെത്തി.
75 കിലോ വിഭാഗത്തിലെ കരാട്ടെയിലാണ് സൗദിയുടെ താരിഖ് ഹാമിദിക്ക് വെള്ളി. ഇറാൻ താരം സജാദായിരുന്നു എതിരാളി. മത്സരത്തിൽ ഒന്നിനെതിരെ നാലു പോയിന്റുകൾക്ക് ലീഡിലായിരുന്നു സൗദി താരം. എന്നാൽ ഇതിനിടെ ഫൗൾപ്ലേ ചൂണ്ടിക്കാട്ടിയതോടെ താരിഖിന് മത്സരം നഷ്ടമായി. ഇതോടെയാണ് വെള്ളിമെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.
മികച്ച പ്രകടനം കാഴ്ചവെച്ച താരിഖ് ഹാമിദിക്ക് 50 ലക്ഷം റിയാലാണിപ്പോൾ സമ്മാനത്തുകയായി സൗദി കായിക മന്ത്രാലയം പ്രഖ്യാപിച്ചത്. ഈ ഒളിംപിക്സിലെ സൗദിയുടെ ആകെ മെഡൽ നേട്ടം കൂടിയാണിത്. ഫൗൾ പ്ലേ ചുമത്തിയതിനെ പരോക്ഷമായി വിമർശിച്ച് സൗദി കായിക മന്ത്രി രംഗത്തെത്തി. നമ്മുടെ കണ്ണുകളിൽ ഒന്നാമൻ താരിഖ് തന്നെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വർണ മെഡൽ ജേതാക്കൾക്ക് പ്രഖ്യാപിച്ച 50 ലക്ഷം റിയാൽ സമ്മാനം താരിഖിന് കൈമാറുന്നത്.