സൗദി പ്രവേശനം; ക്വാറന്‍റൈനില്‍ അവ്യക്തത തുടരുന്നു
ഇന്ത്യയിൽ നിന്ന് വരുന്ന മിക്ക വിമാനങ്ങളും ചാർട്ടേഡ് വിമാനങ്ങളാണ്. ഇവർക്ക് ക്വാറന്റൈൻ പാക്കേജുകൾ നൽകാനുള്ള സാഹചര്യങ്ങൾ ഇപ്പോഴില്ല.
ഇന്ത്യക്കാർക്ക് ഇന്ന് രാത്രി 12ന് ശേഷം സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശിക്കാമെങ്കിലും ക്വാറന്റൈൻ സംബന്ധിച്ച് അവ്യക്തത തുടരുന്നു. ക്വാറന്റൈൻ പാക്കേജുകളെ സംബന്ധിച്ച് വിമാനക്കമ്പനികൾക്ക് കൃത്യമായ ഗൈഡ്‌ലൈൻ ഇറങ്ങിയിട്ടില്ല. നിലവിൽ സൗദി എയർലൈൻസിന്റെ വെബ്‌സൈറ്റിൽ മാത്രമാണ് ഇതു സംബന്ധിച്ച വിവരങ്ങൾ ഉള്ളത്.
സൗദിയിൽ എത്തിയ ശേഷമുള്ള ക്വാറന്റൈൻ പാക്കേജ് എങ്ങിനെ എടുക്കണമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിലവിൽ അറിയിച്ച ഉത്തരവ് പ്രകാരം ഇന്ത്യയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ച് വരുന്നവർ നിർബന്ധമായും സൗദിയിലെത്തിയ ശേഷം അഞ്ച് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ നിർബന്ധമാണ്.
ഇന്ത്യയിൽ നിന്ന് വരുന്ന മിക്ക വിമാനങ്ങളും ചാർട്ടേഡ് വിമാനങ്ങളാണ് ഇവർക്ക് ക്വാറന്റൈൻ പാക്കേജുകൾ നൽകാനുള്ള സാഹചര്യങ്ങൾ ഇപ്പോഴില്ല. ഇന്ത്യയും സൗദിയും തമ്മിൽ എയർ ബബിൾ കരാർ നിലവിലില്ല. അതുകൊണ്ടു തന്നെ ചാർട്ടേഡ് വിമാനങ്ങൾ മാത്രമായിരിക്കും സൗദിയിലേക്ക് യാത്രക്കാരെ കൊണ്ടുവരാനുള്ളത്.
സൗദി അറേബ്യയിൽ നിന്നും രണ്ട് ഡോസ് സ്വീകരിച്ച് നാട്ടിൽ പോയവർക്ക് ക്വാറന്റൈൻ ബാധകമല്ല. സൗദിയിൽ നിന്ന് ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ച് നാട്ടിൽ പോയവർക്ക് പക്ഷേ മൂന്ന് ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ് സൗദിയിൽ പ്രവേശിക്കാം. ഒരു വാക്‌സിനും എടുക്കാത്തവർക്കുള്ള പ്രവേശനം അഞ്ച് ദിവസത്തെ ക്വാറന്റൈനിന് ശേഷമായിരിക്കും.