ഇടിമിന്നലേറ്റ് മരണപ്പെട്ട ഉത്തർ പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
ഹഫർ അൽ ബാത്തിനിൽ ഇടിമിന്നലേറ്റ് മരണപ്പെട്ട ഉത്തർ പ്രദേശ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്തുവന്നിരുന്ന നൻഹി ശിവനാദിന്റെ (24) മൃതദേഹമാണ് നാട്ടിലെത്തിച്ചത്.
നിയമകുരുക്കിൽ കുടുങ്ങി മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കാതിരുന്ന വിവരം ഒഐസിസി ദേശീയ ജീവകാരുണ്യ വിഭാഗം കൺവീനർ സിറാജ് പുറക്കാട് ഒ.ഐ.സി.സി ഹഫർ അൽ ബത്തീൻ കമ്മറ്റിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.
മരണപ്പെട്ട നൻഹിയുടെ മാതാവ് ധൗലിശിവ ഇന്ത്യൻ എംബസിയിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള അപേക്ഷ കൊടുക്കുകയും അതിൻപ്രകാരം ഇന്ത്യൻ എംബസി ഹഫർ ഒഐസിസി പ്രസിഡന്റ് വിബിൻ മറ്റത്തിനെ നിയമപരമായി അധികാരപ്പെടുത്തുകയും ചെയ്തു.
രണ്ടാഴ്ചയോളം നീണ്ടുനിന്ന നിയമ നടപടികളിലൂടെ വിബിൻ മറ്റത്ത്,ഷിനാജ് കരുനാഗപ്പള്ളി, സൈഫുദ്ധീൻ പള്ളിമുക്ക് ,സാബു സി തോമസ് എന്നിവരുടെ സഹായത്താലാണ് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയായത്.
ദമാമിൽ നിന്ന് സൗദി എയർലൈൻസ് വിമാനത്തിൽ ലക്നൗ വിമാനത്താവളത്തിൽ രാവിലെ 10 മണിയോടെ എത്തിച്ചേർന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.