ജിദ്ദയിൽ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നത് റമദാനിൽ താൽക്കാലികമായി അവസാനിപ്പിക്കും
ജിദ്ദയിൽ പൊളിച്ച് നീക്കപ്പെടുന്ന കെട്ടിടങ്ങളുടെ ഉടമകൾക്കും, താമസം നഷ്ടപ്പെടുന്നവർക്കും നിരവധി ആനുകൂല്യങ്ങളാണ് പ്രത്യേക കമ്മറ്റിക്ക് കീഴിൽ നൽകി വരുന്നത്
സൗദിയിലെ ജിദ്ദയിൽ കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്ന ജോലി റമദാനിൽ താൽക്കാലികമായി നിർത്തും. വിശുദ്ധ മാസത്തിൽ പ്രദേശവാസികൾക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനാണ് തീരുമാനം. റമദാനിന് ശേഷം വികസന ജോലികൾ പുനരാരംഭിക്കുമെന്നും ജിദ്ദ മുനിസിപാലിറ്റി വക്താവ് മുഹമ്മദ് അൽ ബഖാമി അറിയിച്ചു.
ജിദ്ദയിലെ ചേരി പ്രദേശങ്ങളിൽ സമഗ്ര വികസനം കൊണ്ടുവരുന്നതിന്റെ ഭാഗമായി കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്ന ജോലി അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. പദ്ധതിയുടെ പൂർത്തീകരണത്തിനായി കൃത്യമായ സമയക്രമം നിശ്ചയിച്ചാണ് പ്രർത്തിച്ച് വരുന്നതെന്നും, റമദാനിന് ശേഷം ജോലികൾ പുനരാരംഭിക്കുമെന്നും ജിദ്ദ മുനിസിപാലിറ്റി വക്താവ് പറഞ്ഞു. ആവശ്യമായ വികസനങ്ങൾ എത്തിയിട്ടില്ലാത്ത അറുപതിലധികം പ്രദേശങ്ങൾ ജിദ്ദയിലുണ്ട്. അതിൽ ചില പ്രദേശങ്ങൾ ഇതിനോടകം തന്നെ പൂർണ്ണമായും പൊളിച്ച് നീക്കി കഴിഞ്ഞു.
പൊളിച്ച് നീക്കപ്പെടുന്ന കെട്ടിടങ്ങളുടെ ഉടമകൾക്കും, താമസം നഷ്ടപ്പെടുന്നവർക്കും നിരവധി ആനുകൂല്യങ്ങളാണ് പ്രത്യേക കമ്മറ്റിക്ക് കീഴിൽ നൽകി വരുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നിരവധി കുടുംബങ്ങൾക്ക് പുതിയ വീടുകൾ കൈമാറുകയും ചെയ്തു.