സൗദിയിൽ കുടുംബങ്ങൾക്കുള്ള ലെവി പുനഃപരിശോധിക്കുമെന്ന് ധനമന്ത്രി
സൗദി സമ്പദ്‌വ്യവസ്ഥയിലേക്ക് മികച്ച കഴിവുള്ള പ്രതിഭകളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം
ജിദ്ദ: വിദേശികളായ വിദഗ്ധ തൊഴിലാളികളെ സൗദിയിൽ പിടിച്ചുനിർത്താൻ ആശ്രിത ലെവി പുനഃപരിശോധിക്കുമെന്ന് സൗദി ധനമന്ത്രി. പ്രവാസികളുടെ പണം കൂടുതലായി സൗദി വിപണിയിലേക്ക് എത്തിയാൽ കുടുംബത്തിനുള്ള ലെവി പുനഃപരിശോധിക്കും. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മൂല്യവർധിത നികുതി നിലവിൽ പുനഃപരിശോധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദിയിൽ നിലവിൽ സ്ഥിരം വിസയിൽ കുടുംബത്തിനേയോ അംഗങ്ങളേയോ കൊണ്ടുവരാൻ ലെവി ഈടാക്കുന്നുണ്ട്. 2017 മുതലാണ് വിദേശ തൊഴിലാളികളുടെ ആശ്രിതർക്കും ലെവി ഈടാക്കി തുടങ്ങിയത്. ആദ്യ വർഷം പ്രതിമാസം ആളൊന്നിന് 100 റിയാൽ വീതമായിരുന്നു ലെവി.
തുടർന്നുള്ള വർഷങ്ങളിൽ ഇത് ഘട്ടംഘട്ടമായി വർധിപ്പിച്ചു. നിലവിൽ കുടുംബത്തിലെ ഓരോ അംഗത്തിനും പ്രതിമാസം 400 റിയാൽ വീതം വർഷത്തേക്ക് നാലായിരത്തി എണ്ണൂറ് റിയാലാണ് ലെവിയായി അടക്കേണ്ടത്. ഇതാണ് പുനഃപരിശോധിക്കുമെന്ന് ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ പറഞ്ഞത്.
സൗദി സമ്പദ്‌വ്യവസ്ഥയിലേക്ക് മികച്ച കഴിവുള്ള പ്രതിഭകളെ ആകര്‍ഷിക്കാനാണിത്. ഇത്തരക്കാരെ ആകർഷിക്കാൻ നിരവധി പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കി വരുന്നത്. ഇതിന്റെ ഭാഗമായാണ് ആശ്രിത ലെവി പുനഃപരിശോധിക്കുവാനുള്ള തീരുമാനവും.
ആശ്രിത ലെവി പുനർനിർണയിക്കുന്നതിനെ കുറിച്ചുള്ള പഠനങ്ങൾ പുരോഗമിക്കുകയാണെന്ന് ധനമന്ത്രി പറഞ്ഞു. പക്ഷേ ഇതെല്ലാവർക്കും ലഭിക്കുമോ എന്നത് വ്യക്തമല്ല. പ്രത്യേക വിഭാഗക്കാർക്ക് മാത്രമോകുമോ എന്നതും മന്ത്രി പറഞ്ഞിട്ടില്ല. സൗദിയിലെ പ്രവാസികൾക്കുള്ള നേട്ടം സൗദി ജനതക്കും ലഭിക്കാനാണ് ലെവി ഈടാക്കിയത്.
ഈ തുക സൗദി ജനതയിലെ പിന്നോക്കക്കാർക്കായി ഉപയോഗിച്ചു. അവരുടെ നില മെച്ചപ്പെടുന്നതാണ് സാഹചര്യം. സൗദിയിൽ നൽകി വരുന്ന വിവിധ സബ്‌സിഡി സേവനങ്ങളിൽ നിന്ന് പ്രയോജനം നേടുന്ന ഏകദേശം 20 ലക്ഷത്തോളം ആളുകൾ ഉണ്ടെന്നാണ് കണക്ക്. ഇവരുടെ ഉപഭോഗ രീതി കണക്കിലെടുത്ത് പ്രത്യേക സാമ്പത്തിക പഠനം നടത്തി. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായിട്ടായിരുന്നു മൂല്യ വർധിത നികുതിയും ലെവിയും ഈടാക്കാനുള്ള തീരുമാനം.
സിറ്റിസൺ അക്കൗണ്ട് പ്രോഗ്രാമിലൂടെ ദരിദ്രരായ ആളുകളെ സഹായിക്കാനാണ് വാറ്റ് ഉപയോഗിക്കുന്നത്. നിലവിൽ പ്രവാസികളുടെ ചിലവഴിക്കൽ സൗദിയിൽ വർധിക്കുന്നുണ്ട്. ഈ സാഹചര്യവും ലെവി പുനഃപരിശോധിക്കാൻ പരിഗണിക്കും. അതേസമയം, സൗദിയിൽ നടപ്പാക്കിയ വാറ്റ് അഥവാ മൂല്യവർധിത നികുതി കുറക്കാൻ നിലവിൽ ആലോചനയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.