സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള മലയാളി ഹാജിമാരുടെ ആദ്യസംഘം നാട്ടിലേക്ക് മടങ്ങി
166 പേരടങ്ങുന്ന സംഘമാണ് വൈകുന്നേരത്തോടെ കരിപ്പൂരിലെത്തിയത്
മക്ക: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള മലയാളി ഹാജിമാരുടെ ആദ്യസംഘം നാട്ടിലേക്ക് മടങ്ങി. മദീന വിമാനത്താവളത്തിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലായിരുന്നു യാത്ര. 166 പേരടങ്ങുന്ന സംഘമാണ് ആദ്യ വിമാനത്തിൽ യാത്രയായത്. വൈകുന്നേരത്തോടെ കരിപ്പൂരിലെത്തിയ ഹാജിമാരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികളും കുടുംബങ്ങളും ചേർന്ന് സ്വീകരിച്ചു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനുൾപ്പെടെയുള്ളവർ വിമാനത്താവളത്തിൽ ഹാജിമാരെ സ്വീകരിക്കാൻ എത്തിയിരുന്നു. ഹാജിമാർക്കുള്ള സംസം ബോട്ടിലുകൾ നേരത്തെ വിമാനത്താവളത്തിൽ എത്തിച്ചിരുന്നു. തിരിച്ചെത്തുന്ന ഹാജിമാരെ സേവിക്കാൻ 17 ഉദ്യോഗസ്ഥരെയെും നിയോഗിച്ചിട്ടുണ്ട്. 161 തീർത്ഥാടകരുമായി രണ്ടാമത്തെ വിമാനം ഇന്ന് മദീനയിൽനിന്ന് പുറപ്പെട്ടു.
ഹാജിമാരെയാത്രയാക്കാൻ നിരവധി സന്നദ്ധസേവകർ മദീനയിലും വിമാനത്താവളത്തിലും സജീവമാണ്. കൊച്ചിയിലേക്കും കണ്ണൂരിലേക്കുള്ള തീർത്ഥാടകരുടെ മടക്കയാത്ര ഈ മാസം 10ന് ആരംഭിക്കും. കരിപ്പൂരിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാനവും കൊച്ചി കണ്ണൂർ എന്നിവിടങ്ങളിലേക്ക് സൗദി എയർലൈൻസുമാണ് സർവീസ് നടത്തുന്നത്. ജൂലൈ 22 നാണ് അവസാന സംഘത്തിന്റെ മടക്കം.