ദി ലൈൻ പദ്ധതി ആദ്യഘട്ടത്തിന് തുടക്കം
നിയോമിന് കീഴിലാണ് പദ്ധതി പൂർത്തിയാക്കുക
ജിദ്ദ: ദി ലൈൻ പദ്ധതി നിർമാണത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കാനായി കരാറുകൾ കൈമാറി സൗദി അറേബ്യ. മൂന്ന് ആഗോള കമ്പനികളുമായാണ് ധാരണയിലെത്തിയത്. നിയോമിന് കീഴിലാണ് പദ്ധതി പൂർത്തിയാക്കുക. പ്രമുഖ ആഗോള നിർമ്മാണ കമ്പനികളായ ഡിഎംഡിഎ, ജെൻസ്ലർ, മോട്ട് മാക്ഡൊണാൾഡ് എന്നിവക്കാണ് കരാറുകൾ നൽകിയത്.
മാസ്റ്റർ പ്ലാൻ, ഡിസൈനുകൾ, എൻജിനീയറിങ്, എന്നിവ പൂർത്തിയാക്കലാണ് ഇവരുടെ ചുമതല. പദ്ധതിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യ പ്രവർത്തികളാണ് നിലവിൽ പൂർത്തിയാക്കുന്നത്. 2025 ന്റെ തുടക്കം മുതൽ ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ സജീവമാകും.
ലോകം ഏറെ കൗതുകത്തോടെ ഉറ്റുനോക്കുന്ന പദ്ധതിയാണ് ദി ലൈൻ. 34 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ അത്ഭുത നഗരം നിർമ്മിക്കുന്നത്. നഗര ജീവിതത്തിൻറെ വെല്ലുവിളികളെയെല്ലാം പരിഹരിച്ചുകൊണ്ടുള്ള രൂപകൽപ്പനയാണ് ദി ലൈൻ നഗരത്തിന്റെ പ്രത്യേകത.