പിടികിട്ടാപുള്ളിയുമായി സാമ്യം; യാത്രാ വിലക്ക് നേരിട്ട ഹജ്ജ് തീര്‍ഥാടകന്‍ നാടണഞ്ഞു
മധ്യപ്രദേശ് സ്വദേശി മുഹമ്മദ് ആസിഫ് ഖാൻ ആണ് ഹജ്ജ് നിര്‍വ്വഹിച്ച് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത്
വിരലടയാളവും പേരും പിടികിട്ടാപുള്ളിയുടേതിന് സമമായതിന്റെ പേരില്‍ സൗദിയില്‍ ഹജ്ജിനെത്തി പിടിയിലായ ഇന്ത്യക്കാരന്‍ ഒടുവില്‍ നാടണഞ്ഞു. മധ്യപ്രദേശ് സ്വദേശി മുഹമ്മദ് ആസിഫ് ഖാൻ ആണ് ഹജ്ജ് നിര്‍വ്വഹിച്ച് നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത്. ഒന്നര പതിറ്റാണ്ട് മുമ്പ് സൗദിയിലെ അല്‍ഹസ്സയില്‍ നടന്ന കേസിലെ പ്രതിയുമായി സാമ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആസിഫ് ഖാൻ യാത്രാ വിലക്ക് നേരിട്ടത്.
ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനെത്തി ജിദ്ധ വിമാനത്താവളത്തില്‍ പിടിയിലായ മധ്യപ്രദേശ് സ്വദേശി മുഹമ്മദ് ആസിഫ്ഖാന്‍ ഒടുവില്‍ നാടണഞ്ഞു. 16 വര്‍ഷം മുമ്പ് അല്‍ഹസ മുബറസ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കുറകൃത്യത്തിലെ പിടികിട്ടാപുള്ളിയുടെ പേരും വിരലടയാളവും സമമായതാണ് അസിഫ്ഖാനെ കുടുക്കിയത്. കുറ്റവാളിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും താന്‍ ആദ്യമായാണ് സൗദിയിലെത്തുന്നതെന്നും ആസിഫ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകനായ ഹനീഫ മുവാറ്റുപുഴയുടെ ജാമ്യത്തില്‍ പുറത്തിറങ്ങി ഹജ്ജ് നിര്‍വ്വഹിച്ച് തിരിച്ചെത്തിയ ആസിഫ് ഖാനെ നിരുപാധികം വിട്ടയക്കുകയായിരുന്നു. ഇന്ത്യന്‍ എംബസിയും സാമൂഹ്യ പ്രവര്‍ത്തകരും ആസിഫ് ഖാന്റെ നിരപരാധിത്വം ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിട്ടയച്ചത്. നാട്ടില്‍ മുമ്പ് സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന ആസിഫ് ഖാന്‍ കുടുംബത്തോടൊപ്പം ഹജ്ജിനെത്തിയപ്പോഴാണ് വിമാനത്താവളത്തില്‍ വെച്ച് പിടിയിലായത്.