ഇസ്രയേലിലേക്ക് പോകുന്ന എല്ലാ കപ്പലുകളും ആക്രമിക്കുമെന്ന് ഹൂതികളുടെ ഭീഷണി

ഹൂതികളുടെ ഗ്രൂപ്പിൻ്റെ സൈനിക വക്താവ് യഹ്യ സാരി ടെലിവിഷൻ പ്രസംഗത്തിലാണ് മുന്നറിയിപ്പ് നൽകിയത്

Update: 2024-05-03 17:41 GMT
Editor : Thameem CP | By : Web Desk
Advertising

റിയാദ്: ഗസ്സയിലെ വെടിനിർത്തൽ നീളുന്ന സാഹചര്യത്തിൽ ഇസ്രയേലിലേക്ക് പോകുന്ന എല്ലാ കപ്പലുകളും ആക്രമിക്കുമെന്ന് ഹൂതികളുടെ ഭീഷണി. ചെങ്കടൽ വഴിയും മെഡിറ്ററേനിയൻ വഴിയും പോകുന്ന ഇസ്രയേലിലേക്കുള്ള കപ്പലുകൾ ആക്രമിക്കും. തങ്ങളുടെ മിസൈലുകളും ഡ്രോണുകളും എത്തുന്നിടത്തെല്ലാം ഇസ്രയേലിന്റെ കപ്പലുകൾ സുരക്ഷിതമാകില്ലെന്നാണ് മുന്നറിയിപ്പ്. യു.എസ് യു.കെ സംയുക്ത സൈന്യം യമനിൽ ആക്രമണം നടത്തിയിട്ടും ഹൂതികൾ പിന്മാറിയിട്ടില്ല.

ഹൂതികളുടെ ഗ്രൂപ്പിന്റെ സൈനിക വക്താവ് യഹ്യ സാരി ടെലിവിഷൻ പ്രസംഗത്തിലാണ് മുന്നറിയിപ്പ് നൽകിയത്. മെഡിറ്ററേനിയൻ കടലിലെ ഇസ്രായേലി തുറമുഖങ്ങളിലേക്ക് പോകുന്ന ഏത് കപ്പലുകളും ആക്രമിക്കുമെന്നാണ് പുതിയ മുന്നറിയിപ്പ്. ഇതുവരെ ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകളാണ് ഹൂതികൾ ആക്രമിച്ചിരുന്നത്. ഇതോടെ പ്രധാന ഷിപ്പിങ് കമ്പനികൾ യാത്ര മെഡിറ്ററേനിയൻ വഴി മാറ്റിയിരുന്നു. വെടിനിർത്തൽ നടന്നാലും ഇല്ലെങ്കിലും റഫ ആക്രമിക്കുമെന്ന ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ഹൂതികളുടെ പ്രഖ്യാപനം. ഗസ്സയിൽ നിന്ന് ഇസ്രയേൽ സേന പിന്മാറും വരെ ഞങ്ങളും പിന്മാറില്ലെന്ന് ഹൂതികൾ വ്യക്തമാക്കി. ചെങ്കടലിൽ ഹൂതികളുടെ കപ്പൽ ആക്രമണത്തോടെ യു.എസ് യു.കെ സംയുക്ത സൈന്യം യമനിൽ ആക്രമണം തുടരുന്നുണ്ട്. എങ്കിലും ഹൂതികൾ പിന്മാറാൻ തയ്യാറായിട്ടില്ല. പ്രതിരോധ സംവിധാനം യു.എസ് സ്ഥാപിച്ച ശേഷവും നിരവിധി കപ്പലുകളിൽ ഹൂതികളുടെ മിസൈലും ഡ്രോണും പതിച്ചിരുന്നു. കണ്ടെയ്‌നർ ചരക്കു നീക്ക രംഗത്ത് വലിയ വിലയേറ്റം ഹൂതികളുടെ ഇടപെടലിനെ തുടർന്ന് ഉണ്ടായിട്ടുണ്ട്. റഷ്യയും ചൈനയും നേരത്തെ ഹൂതികളുമായി അവരുടെ കപ്പൽ ആക്രമിക്കാതിരിക്കാൻ ധാരണയിലെത്തിയിരുന്നു. സൗദിയുൾപ്പെടെ ചെങ്കടൽ അതിരുള്ള രാജ്യങ്ങളെല്ലാം ചരക്കു നീക്കം കിഴക്കൻ മേഖലകളിലേക്ക് മാറ്റുകയും ചെയ്തു. കൂടുതൽ ആക്രമണം ഹൂതികൾ പ്രഖ്യാപിച്ചതോടെ ലോക വിപണിയിൽ ഇത് പ്രതിഫലിച്ചേക്കും.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News