മലയാളി ഹാജിമാരുടെ അവസാനസംഘം ഇന്ന് കരിപ്പൂരിൽ മടങ്ങിയെത്തി
ഇവരെ ഹജ്ജ് കമ്മിറ്റി ചെയർമാന് കീഴിൽ സ്വീകരിച്ചു
മക്ക : ഈ വർഷം ഹജ്ജിനെത്തിയ മുഴുവൻ ഹാജിമാരും സൗദിയിൽ നിന്ന് മടങ്ങി. മലയാളി ഹാജിമാരുടെ അവസാനസംഘം ഇന്ന് പുലർച്ചയാണ് കരിപ്പൂരിൽ മടങ്ങിയെത്തിയത്. ഇവരെ ഹജ്ജ് കമ്മിറ്റി ചെയർമാന് കീഴിൽ സ്വീകരിച്ചു. ഒരു ലക്ഷത്തി നാൽപതിനായിരത്തോളം ഹാജിമാരാണ് ഇത്തവണ ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിന് എത്തിയത്. മുപ്പത്തയ്യായിരം പേർ സ്വകാര്യ ഗ്രൂപ്പിലും എത്തി. ഈ ഹജ്ജ് സീസണിൽ 200 ഹാജിമാർ വിവിധ കാരണങ്ങളാൽ മക്കയിലും മദീനയിലും മരണപ്പെട്ടിരുന്നു. ഇതിൽ 42 ഹാജിമാർ സ്വകാര്യ ഗ്രൂപ്പിൽ ഉള്ളവരാണ്. ചികിത്സയിലും മറ്റുമുള്ള 15 ഹാജിമാർ മക്കയിലും 6 ഹാജിമാർ മദീനയിലുമുണ്ട്. ഇവരുടെ ചികിത്സ പൂർത്തിയായതിന് ശേഷമാണ് നാട്ടിലേക്ക് മടങ്ങുക. ഇതിൽ അഞ്ച് ഹാജിമാർ മലയാളികളാണ്.
165 രാജ്യങ്ങളിൽ നിന്നായി 18 ലക്ഷത്തിലേറെ തീർത്ഥാടകരാണ് ഇത്തവണ ഹജ്ജിൽ പങ്കെടുത്തത്. ഹജ്ജ് അവസാനിച്ചതോടെ ഹാജിമാർ മടങ്ങി തുടങ്ങിയിരുന്നു. സൗദിയിൽ നിന്നുള്ള അവസാനത്തെ ഹജ്ജ് സംഘം ഇന്ന് മദീനയിൽ നിന്നും ഇന്തോനേഷ്യയിലേക്കാണ് യാത്ര തിരിച്ചത്. ജൂൺ 22 മുതൽ ഇന്ത്യൻ ഹാജിമാരുടെ മടക്കം ജിദ്ദ വഴി ആരംഭിച്ചിരുന്നു. ഹജ്ജിനു മുന്നേ മദീന സന്ദർശനം പൂർത്തിയാക്കിയ ഹാജിമാരാണ് ജിദ്ദ വഴി നാട്ടിലേക്ക് എത്തിയത്.