ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച നേതൃത്വ പരിശീലന പരിപാടി സമാപിച്ചു

നാല് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ 44 പ്രവാസികൾ പരിശീലനം പൂർത്തിയാക്കി

Update: 2024-06-03 15:05 GMT
Advertising

ജിദ്ദ: സൗദിയിൽ ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച നേതൃത്വ പരിശീലന പരിപാടി സമാപിച്ചു. നാല് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ 44 പ്രവാസികൾ പരിശീലനം പൂർത്തിയാക്കി. ഉയർന്ന വിദ്യാഭ്യാസം നേടിയവരും സോഫ്റ്റ് സ്‌കിൽസ് പരിശീലനം പൂർത്തിയാക്കണമെന്ന് ജിദ്ദ കേരള പൗരാവലി ആവശ്യപ്പെട്ടു.

ജിദ്ദയിലെ വിവിധ മേഖലകളിൽ നേതൃത്വം നൽകുന്നവർക്ക് പ്രായോഗിക പരിശീലനം നൽകുന്നതിന് വേണ്ടിയാണ് സ്‌പോൺണ്ടേനിയസ് 2024 എന്ന പേരിൽ ജിദ്ദ കേരള പൗരാവലി നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിച്ചത്. നാല് ദിവസങ്ങളിലായി നടന്ന പരിപാടിയിലൂടെ 44 പേർ പരിശീലനം പൂർത്തിയാക്കി. വ്യക്തിത്വ വികസനം, ആശയ വിനിമയം, മീഡിയ സ്‌കിൽസ്, പ്രവാസി ക്ഷേമം, ബേസിക് ലൈഫ് സപ്പോർട്ട്, സംഘടന നിർവ്വഹണം, ഈവന്റ് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം.

പരിപാടിയുടെ സമാപന ചടങ്ങിൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഉയർന്ന വിദ്യാഭ്യാസം നേടിയവർക്ക് പോലും സമകാലീന വെല്ലുവിളികളെ അതിജീവിക്കാൻ സാധിക്കുന്നില്ലെന്നും, ഇത് പ്രയോഗിക പരിശീലനത്തിന്റെ അപര്യാപ്തതയാണെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. തൊഴിൽ മേഖലയിലും മറ്റു ഭരണ നേതൃ തലങ്ങളിലും സ്വന്തം വ്യക്തിത്വം നിലനിർത്താൻ ഇത്തരം കഴിവുകൾ ആർജിക്കൽ അനിവാര്യമാണെന്നും യോഗം വിലയിരുത്തി.

വിവിധ സെഷനുകൾക്ക് നേതൃത്വം നൽകിയ പരിശീലകരെ ചടങ്ങിൽ ആദരിച്ചു. സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ, മേഖലകളിൽ ദീർഘകാലം സേവനം നൽകി നാട്ടിലേക്ക് മടങ്ങുന്ന പി.എം മായിൻ കുട്ടി, ബഷീർ തിരൂർ എന്നിവർക്ക് ജിദ്ദ പ്രവാസി സമൂഹം ആശംസകൾ നേർന്നു. സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ കുട്ടികളുടേയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി. കൂടാതെ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി അദ്ധ്യക്ഷനായിരുന്നു, ഷരീഫ് അറക്കൽ, മൻസൂർ വയനാട് തുടങ്ങിയവർ സംസാരിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News