പകർച്ച രോഗങ്ങൾക്കെതിരെ പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കിയതായി സൗദി ആരോഗ്യ മന്ത്രാലയം
ഹെൽത്ത് ക്ലസ്റ്ററുകൾ, സിഹത്തി ആപ്പ് എന്നിവ വഴി വാക്‌സിനുകൾക്കുള്ള അപ്പോയ്ന്റ്‌മെന്റുകൾ ലഭ്യമാക്കിയിട്ടുണ്ട്
റിയാദ്: കാലാവസ്ഥാ മാറ്റത്തിന്റെ ബലമായുള്ള പകർച്ച വ്യാധികൾക്കെതിരെ പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കിയതായി സൗദി ആരോഗ്യ മന്ത്രാലയം. ഹെൽത്ത് ക്ലസ്റ്ററുകൾ, സിഹത്തി ആപ്പ് എന്നിവ വഴി വാക്‌സിനുകൾക്കുള്ള അപ്പോയ്ന്റ്‌മെന്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. രോഗങ്ങൾ പടരുന്നത് തടയുന്നതിന്റെ ഭാഗമായി വ്യക്തി ശുചിത്വം പാലിക്കാനും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
എല്ലാ പ്രദേശങ്ങളിലുമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ സേവനങ്ങൾ നൽകുന്നുണ്ട്. കൈകൾ നന്നായി കഴുകുക, രോഗികളുമായുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക, തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ ടിഷ്യൂകൾ ഉപയോഗിക്കുക, ശുചിത്വം ഉറപ്പാക്കുക എന്നീ മുൻകരുതലുകൾ എടുക്കാനും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഓരോ വർഷവും വൈറസുകൾക്ക് മാറ്റം വരുന്നതിനാൽ വർഷം തോറും വാക്‌സിൻ എടുക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.