നിലവില്‍ മൂന്നാം ഡോസ് വാക്സിൻ ആവശ്യമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം
അടുത്ത മാസം മുതൽ വാക്‌സിൻ സ്വീകരിക്കാത്തവർക്ക് ജോലി ചെയ്യുന്നതിനും പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തും
നിലവിലെ സാഹചര്യത്തിൽ കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകൾ മതിയാകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, വകഭേദം സംഭവിച്ച വൈറസിനെ പ്രതിരോധിക്കുവാൻ ഒരു ഡോസ് മതിയാകില്ല. ഇതുവരെയുള്ള പഠനമനുസരിച്ച് മൂന്നാമത്തെ ഡോസ് ഇപ്പോൾ ആവശ്യമില്ലെന്നും, ഭാവിയിൽ ആവശ്യമായിവന്നാൽ അക്കാര്യം അപ്പോൾ അറിയിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
നിലവിൽ 10,829 പേർ ചികിത്സയിലുണ്ട്. അതിൽ 1530 പേർ റിയാദിലും 653 പേർ ജിദ്ദയിലും 540 പേർ മക്കയിലും 519 പേർ ത്വാഫിലുമാണ്. മറ്റു നഗരങ്ങളിലെല്ലാം 500ൽ താഴെയാണ് ആക്ടീവ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1256 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. 1155 പേർക്ക് ഭേദമാകുകയും, 14 പേർ മരിക്കുകയും ചെയ്തു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5,16,949ഉം ഭേദമായവരുടെ എണ്ണം 4,97,965ഉം മരിച്ചവരുടെ എണ്ണം 8155മായി ഉയർന്നു.
രണ്ടുകോടി 42 ലക്ഷത്തോളം ഡോസ് വാക്‌സിൻ ഇതുവരെ വിതരണം ചെയ്തു. 1,84,3,090 പേർ ആദ്യ ഡോസും 57 ലക്ഷത്തോളം പേർ രണ്ട് ഡോസുകളും സ്വീകരിച്ചിട്ടുണ്ട്. അടുത്ത മാസം മുതൽ വാക്‌സിൻ സ്വീകരിക്കാത്തവർക്ക് ജോലി ചെയ്യുന്നതിനും പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തും. ഈ സാഹചര്യത്തിൽ ഇതുവരെ വാക്‌സിൻ സ്വീകരിക്കാത്തവർ ആദ്യ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.