ആഗോള എണ്ണ വിപണിയിൽ ക്രൂഡ് ഓയിൽ ക്ഷാമമില്ല: സൗദി വിദേശകാര്യ മന്ത്രി
ക്രൂഡ് ഓയിൽ സംസ്‌കരണ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ ആവശ്യമാണെന്നും മന്ത്രി
ദമ്മാം: ആഗോള എണ്ണ വിപണിയിൽ ക്രൂഡ് ഓയിൽ ക്ഷാമമില്ലെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ. പകരം എണ്ണ സംസ്‌കരണ മേഖലയിലാണ് കുറവ് അനുഭവപ്പെടുന്നത്. ക്രൂഡ് ഓയിൽ സംസ്‌കരണ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. ആഗോള എണ്ണ വിപണിയിലെ കുറവ് പരിഹരിക്കുന്നത് സംബന്ധിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സൗദി വിദേശകാര്യ മന്ത്രി
ആഗോള എണ്ണ വിപണിയിൽ അസംസ്‌കൃത എണ്ണയുടെ ലഭ്യതയിൽ ക്ഷാമം നേരിടുന്നില്ല. പകരം എണ്ണ സംസ്‌കരണ മേഖലയിൽ അനുഭവപ്പെടുന്ന കുറവാണ് ക്ഷാമത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു. ക്രൂഡ് ഓയിലിന്റെ സംസ്‌കരണശേഷി വർധിപ്പിക്കുന്നതിന് ഈ മേഖലയിൽ നിക്ഷേപം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഹൃസ്വ സന്ദർശനാർഥം ടോക്യോവിലെത്തിയതായിരുന്നു ഫൈസൽ ബിൻ ഫർഹാൻ.
ജപ്പാൻ പ്രധാനമന്ത്രിയുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. ജപ്പാൻ മുൻ പ്രധാനമന്ത്രിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. വിഷൻ 2030 പദ്ധതിയുടെ ഭാഗമായി പരസ്പരം സഹകരണം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനും കൂടിക്കാഴ്ചയിൽ ധാരണയായി.