സൗദിയില്‍ മുപ്പത്തിയഞ്ചിനം ടാക്സി നിയമലംഘനങ്ങളും അവയ്ക്കുള്ള പിഴയും പ്രഖ്യാപിച്ചു
വ്യാജ ടാക്സികള്‍ ഓടിക്കുന്നവര്‍ക്ക് ആയിരം റിയാല്‍ പിഴ ചുമത്തും
സൗദിയില്‍ ടാക്സികളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുടെ പട്ടിക പൊതുഗതാഗത അതോറിറ്റി പ്രസിദ്ധീകരിച്ചു. മുപ്പത്തിയഞ്ചിനം നിയമ ലംഘനങ്ങളും അവയ്ക്കുള്ള പിഴകളുമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സൗദി പൊതുഗതാഗത അതോറിറ്റിയാണ് നിയമ ലംഘനങ്ങളുടെ പട്ടിക പ്രസിദ്ധപ്പെടുത്തിയത്.
നിയമലംഘനങ്ങള്‍ക്ക് അഞ്ഞൂറ് മുതല്‍ അയ്യായിരം റിയാല്‍ വരെ പിഴ ചുമത്തുമെന്നും അതോറിറ്റി വ്യക്തമാക്കി. വ്യാജ സ്വകാര്യ ടാക്സികള്‍ ഓടിക്കുന്നവര്‍ ആയിരം റിയാലും യാത്രയ്ക്കിടയില്‍ വാഹനങ്ങളില്‍നിന്ന് പുകവലിച്ചാല്‍ അഞ്ഞൂറ് റിയാലും പിഴ അടക്കേണ്ടി വരും. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ യാത്ര ചെയ്താല്‍ മൂവായിരം റിയാലും പിഴ ലഭിക്കും.
അനുമതിയില്ലാതെ വിദേശത്തേക്ക് സര്‍വിസ് നടത്തുക, സാങ്കേതിക ഉപകരണങ്ങളില്‍ കൃത്രിമം വരുത്തുക, കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ ഉപയോഗിക്കുക, വ്യാജ സാങ്കേതിക ഉപകരണങ്ങള്‍ ഘടിപ്പിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് അയ്യായിരം റിയാലായിരിക്കും പിഴ ചുമത്തുക. പാതിവഴിയില്‍ യാത്രക്കാരെ ഉപേക്ഷിക്കുക, നിര്‍ണ്ണയിക്കപ്പെട്ട പാതയോരങ്ങളില്‍ നിന്നല്ലാതെ യാത്രക്കാരെ കയറ്റുക തുടങ്ങിയ ലംഘനങ്ങള്‍ക്ക് രണ്ടായിരം റിയാലും പിഴ ചുമത്തപ്പെടും.