മീഡിയവൺ ഒരുക്കുന്ന ഹലാ ജിദ്ദയുടെ ടിക്കറ്റുകൾ വിപണിയിൽ
ഒരു ദിവസത്തേക്ക് പന്ത്രണ്ടര റിയാൽ എന്ന തോതിൽ രണ്ട് ദിവസത്തേക്ക് 25 റിയാൽ മാത്രമാണ് പ്രവേശന നിരക്ക്
ജിദ്ദ: സൗദിയിലെ ജിദ്ദയിൽ ഡിസംബർ ആറ് ഏഴ് തിയതികളിൽ മീഡിയവൺ ഒരുക്കുന്ന ഹലാ ജിദ്ദയുടെ ടിക്കറ്റുകൾ വിപണിയിലെത്തി. ടിക്കറ്റിന്റെ ലോഞ്ചിങ് ഇവന്റ് സംഘാടകരായ റാകോ ഇവന്റസിന്റെ ഉടമസ്ഥരായ റാകോ ഹോൾഡിങിസ് ഗ്രൂപ്പ് സിഇഒ റഹീം പട്ടർക്കടവൻ ജിദ്ദയിൽ നിർവഹിച്ചു. ഹലാ ജിദ്ദയുടെ മുഖ്യ പ്രായോജകർ ആഗോള ഹോം അപ്ലയൻസ് ബ്രാൻഡായ ഇംപക്‌സാണ്.
അഞ്ചു വർഷങ്ങൾക്ക് ശേഷം ജിദ്ദയിൽ മീഡിയവൺ വീണ്ടും ഒരുക്കുന്ന മെഗാ ഇവന്റാണ് ഹലാ ജിദ്ദ. ഡിസംബർ ആറ് ഏഴ് തിയതികളിയായി ഉച്ച മുതൽ അർധരാത്രി വരെ നീളുന്ന പ്രവാസികളുടെ കാർണിവലായി ഹലാ ജിദ്ദ മാറും. സൗദി ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ടിക്കറ്റുകൾ മീഡിയവൺ ഒരുക്കുന്നത്. ഒരു ദിവസത്തേക്ക് പന്ത്രണ്ടര റിയാൽ എന്ന തോതിൽ രണ്ട് ദിവസത്തേക്ക് 25 റിയാൽ മാത്രമാണ് പ്രവേശന നിരക്ക്. ഇതിനു പുറമെ അമ്പത്, നൂറ് എന്നിങ്ങനെ മുൻനിര സീറ്റിങ്ങുകളും ലഭ്യമാണ്.
ടിക്കറ്റ് ലോഞ്ചിങ് ചടങ്ങിൽ മീഡിയവൺ മുഖ്യ രക്ഷാധികാരി എ. നജ്മുദ്ദീൻ, ഹലാ ജിദ്ദ രക്ഷാധികാരി ഫദൽ പി മുഹമ്മദ്, പടിഞ്ഞാറൻ പ്രവിശ്യാ കോഡിനേറ്റർ ബഷീർ ചുള്ളിയൻ എന്നിവരും സംബന്ധിച്ചു.
സൗദിയിലെ മുൻനിര ബ്രാൻഡുകളും ഹലാ ജിദ്ദയിലെത്തും. അറുപതിലേറെ കലാകാരന്മാരും മലയാളം, തമിഴ്, ഹിന്ദി, മാപ്പിളപ്പാട്ട് എന്നിങ്ങിനെ വിവിധ ബാൻഡുകളും ഹലാ ജിദ്ദയിലെത്തും. കുട്ടികൾക്കും മുതിർന്നവർക്കും കുടുംബങ്ങൾക്കും ആസ്വദിക്കാനും പങ്കെടുക്കാനും കഴിയുന്ന നിരവധി പരിപാടികളും ഹലാ ജിദ്ദയിലുണ്ട്.