റമദാന്‍ അവസാന പത്തിലേക്ക്; ഹറം പള്ളികളില്‍ ഇന്നുമുതല്‍ ഇഅ്തികാഫ് ആരംഭിക്കും

Update: 2022-04-21 09:37 GMT
Advertising

സൌദിയില്‍ വിശുദ്ധ റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിച്ചതോടെ ഹറം പള്ളികളില്‍ ഇന്നു മുതല്‍ ഇഅ്തികാഫ് ആരംഭിക്കും. ഇഅ്തികാഫിനെത്തുന്നവരെ സ്വീകരിക്കുന്നതിനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഇരുഹറം കാര്യാലയം അറിയിച്ചു.

വരും ദിവസങ്ങളില്‍ കൂടുതല്‍ വിശ്വാസികളും തീര്‍ഥാടകരും ഹറം പള്ളികളിലെത്തും. വിശുദ്ധ റമദാനിലെ ഏറ്റവും പവിത്രമായതും പുണ്യമേറിയതുമാണ് അവസാനത്തെ പത്ത് ദിനരാത്രങ്ങള്‍. സൗദിയില്‍ ഇന്നുമുതല്‍ അവസാന പത്തിലേക്ക് പ്രവേശിക്കുന്നതിനാല്‍ ഇനിയുളള ദിവസങ്ങളില്‍ ഹറം പള്ളികളില്‍ തിരിക്ക് വര്‍ധിക്കും. മക്ക-മദീന ഹറമുകളില്‍ ഇഅ്തികാഫിന് അനമതി നല്‍കുന്നതും അവാസന പത്ത് ദിവസങ്ങളിലാണ്. ഇതിനായി വിശ്വാസികള്‍ ഇന്ന് രാത്രിമുതല്‍ ഹറം പള്ളികളിലെത്തി തുടങ്ങും.

മക്കയിലെ ഹറം പള്ളിയില്‍ കിങ് ഫഹദ് വികസന ഭാഗത്തിന്റെ ബേസ്മെന്റിലാണ് ഇഅ്തികാഫിന് സൗകര്യമൊരുക്കിയിട്ടുള്ളത്. ഇഅ്തികാഫിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ 73ാം നമ്പര്‍ കവാടമായ കിങ് ഫഹദ് ഗേറ്റ് വഴി പ്രവേശിക്കണം. മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ സ്ത്രീകളും പുരുഷന്മാരുമുള്‍പ്പെടെ നാലായിരത്തോളം വിശ്വാസികള്‍ക്ക് ഇഅ്തികാഫില്‍ പങ്കെടുക്കുന്നതിനുള്ള സൗകര്യങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. ഇരുഹറമുകളിലും നേരത്തെ പെര്‍മിറ്റെടുത്തവര്‍ക്ക് മാത്രമേ അനുമതി നല്‍കൂ.

കൂടാതെ ഇഅ്തികാഫിന് വരുന്നവര്‍ ഇമ്മ്യൂണ് ആയിരിക്കണമെന്നും, വിദേശികളാണെങ്കില്‍ കാലാവധിയുള്ള ഇഖാമയുള്ളവരായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യകം സൗകര്യങ്ങളേര്‍പ്പെടുത്തിയിട്ടുണ്ട്. നോമ്പ് തുറ, അത്താഴം, ചൂടുള്ളതും തണുത്തതുമായ പാനീയങ്ങള്‍, ലോക്കര്‍ സംവിധാനം, വിവിധ ഭാഷകളിലുള്ള മതപഠന ക്ലാസുകള്‍ തുടങ്ങിയ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ഇരുഹറം കാര്യാലയം അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News