ട്രോജെന; നിയോം നഗരത്തില്‍ ഒരുങ്ങുന്നത് പര്‍വതാരോഹണ ടൂറിസത്തിന്റെ പുത്തന്‍ ലോകം
സൗദിയില്‍ സ്ഥാപിക്കുന്ന കൃത്രിമ ടൂറിസം നഗരമായി നിയോമി(NEOM)ല്‍ പര്‍വതാരോഹണ ടൂറിസത്തിന്റെ പുത്തന്‍ അനുഭവങ്ങളുമായി ട്രോജെന നഗര പദ്ധതി പ്രഖ്യാപിച്ചു. നിയോം ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍, മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പര്‍വത ടൂറിസത്തിന്റെ പുതിയ ആഗോള കേന്ദ്രമാക്കാന്‍ ട്രോജെന നഗരം നിര്‍മിക്കുന്നതായി പ്രഖ്യാപിച്ചത്.
ഇക്കോടൂറിസത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി. വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങളുടെ ഭാഗമാണിത്. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ആഗോള ശ്രമത്തിന്റെ ഭാഗമാകാനുള്ള സൗദിയുടെ പ്രതിബദ്ധതയാണിതില്‍ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിലേക്ക് പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം തന്നെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ പിന്തുണയ്ക്കുന്ന പ്രധാന വരുമാന മേഖലയായും പര്‍വത വിനോദസഞ്ചാരം മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
മേഖലയ്ക്ക് പുത്തന്‍ അനുഭവമായ ഔട്ട്‌ഡോര്‍ സ്‌കീയിങാണ് ട്രോജെനയുടെ പ്രധാന സവിശേഷത. മരുഭൂ കാലാവസ്ഥയ്ക്ക് പേരുകേട്ട ഗള്‍ഫ് മേഖലയില്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത് ടൂറിസം മേഖലയ്ക്ക് വലിയ നേട്ടമാകും.
2026ഓടെ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയില്‍, സ്‌കീ ഗ്രാമം, അള്‍ട്രാ ലക്ഷ്വറി-ഫാമിലി വെല്‍നസ് റിസോര്‍ട്ടുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയുമടങ്ങിയിട്ടുണ്ട്. മൗണ്ടന്‍ ബൈക്കിങ്, സ്‌കൈ സ്ലോപ്പ്, വാട്ടര്‍ സ്‌പോര്‍ട്‌സ് എന്നിവയുള്‍പ്പെടെയുള്ള കായിക ടൂറിസവും പദ്ധതിയില്‍ ഉള്‍പെടുന്നതിനാല്‍, വര്‍ഷം മുഴുവനും വിനോദസഞ്ചാര കേന്ദ്രം പ്രവര്‍ത്തിക്കും.
അന്താരാഷ്ട്ര നിലവാരത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കല, കായിക, സാംസ്‌കാരിക ഉത്സവങ്ങളും, വിനോദ പരിപാടികളും വിനോദമേഖലയെ സമ്പന്നമാക്കും. 2030ഓടെ 700,000 സന്ദര്‍ശകരെയും 7,000 സ്ഥിരതാമസക്കാരെയുമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. 2200 ല്‍ അധികം വീടുകള്‍, 3600 നു മുകളില്‍ സ്റ്റാര്‍ ഹോട്ടല്‍ മുറികള്‍, 3000 ലേറെ പേര്‍ക്ക് ഇരിക്കാവുന്ന മലയോര ഓഡിറ്റോറിയം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്.
കര്‍ശനമായ പാരിസ്ഥിതിക മാനദണ്ഡങ്ങളോടെയാണ് എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തുക. സൗദിയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും വൈവിധ്യവല്‍ക്കരണത്തിനും ട്രോജെന ഒരു പ്രധാന പിന്‍ബലമായി പ്രവര്‍ത്തിക്കും. 10,000 ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിയിലൂടെ, 2030 ഓടെ രാജ്യത്തിന്റെ ജിഡിപിയില്‍ 3 ബില്യണ്‍ സൗദി റിയാല്‍ വരുമാനമാണ് ലക്ഷ്യമിടുന്നത്.
ഏവരേയും അതിശയിപ്പിക്കുന്ന മനുഷ്യനിര്‍മിത ശുദ്ധജല തടാകം, വാസ്തുവിദ്യയിലെ അത്ഭുതമായി മാറിയേക്കാവുന്ന 'ദ ബോ' ഹോട്ടല്‍, നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ട്രോജെനയുടെ പ്രധാന കവാടം, തടാകത്തെ അഭിമുഖീകരിക്കുന്ന സ്‌കീ ചരിവിന് സമീപം സ്ഥിതി ചെയ്യുന്ന 'സ്ലോപ്പ് റെസിഡന്‍സസ്', പനോരമിക് കാഴ്ച പ്രദാനം ചെയ്യുന്ന ആഡംബര മാളികകള്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. ഗേറ്റ്‌വേ, ഡിസ്‌കവര്‍, വാലി, എക്‌സ്‌പ്ലോര്‍, റിലാക്‌സ്, ഫണ്‍ എന്നിങ്ങനെ ആറ് ജില്ലകള്‍ ഉള്‍പ്പെടുന്ന തരത്തിലാണ്് ട്രോജെനയുടെ രൂപകല്‍പന.