യുവതിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്തു; സൗദിയിൽ രണ്ട് പ്രതികളുടെ വധശിക്ഷ നടപ്പാക്കി
സൗദി-യെമൻ അതിർത്തി പ്രദേശമായ ജിസാനിലാണ് സംഭവം നടന്നിരുന്നത്
ദമ്മാം: സൗദിയിലെ ജിസാനിൽ യുവതിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊള്ളയടിച്ച കേസിൽ രണ്ട് പ്രതികളുടെ വധശിക്ഷ നടപ്പാക്കി. യെമൻ സ്വദേശികളാണ് പ്രതികൾ. ഹീനമായ കുറ്റകൃത്യങ്ങളിൽ യാതൊരുവിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സൗദി-യെമൻ അതിർത്തി പ്രദേശമായ ജിസാനിലാണ് കേസിനസ്പദമായ കുറ്റകൃത്യം നടന്നത്. പ്രവാസിയ യുവതിയെ തട്ടികൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയും അത് വീഡിയോയിൽ പകർത്തുകയും ചെയ്ത കേസിലാണ് ശിക്ഷ. കേസിലെ മുഖ്യപ്രതികളായ യെമൻ സ്വദേശികളായ യൂസഫ് അലി അഹമ്മദ് അൽവാനി, സുലൈമാൻ അലി മുഹമ്മദ് അബ്ദുല്ല എന്നിവരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്.
പ്രതികൾക്കെതിരായ അന്വേഷണത്തിൽ കുറ്റം തെളിയുകയും കീഴ് കോടതിയും പിന്നീട് അപ്പീൽ കോടതിയും ശിക്ഷ ശരിവെച്ച സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കിയത്. പ്രതികൾ ചെയ്തത് നിഷിദ്ധവും ഹീനവുമായ പ്രവൃത്തിയാണ്. ജീവനും മാനവും ആക്രമിച്ച് ഭൂമിയിൽ കുഴപ്പം സൃഷ്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ശരീഅത്ത് നിയമപ്രകാരം കഠിന ശിക്ഷക്ക് അർഹരാണ് ഇരുവരുമെന്ന് ശിക്ഷാവിധിയിൽ കോടതി വ്യക്തമാക്കി. രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിനും സുരക്ഷിതത്വത്തിനും വെല്ലുവിളി സൃഷ്ടിച്ച് ഇത്തരം ഹീനമായ കൃത്യങ്ങളിലേർപ്പെടുന്നവർക്കുള്ള മുന്നറിയിപ്പാണ് ശിക്ഷയെന്ന് ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി.