ഉംറ തീർഥാടകർക്ക് സൗദിയിലെ ഏത് വിമാനത്താവളം വഴിയും പ്രവേശിക്കാമെന്ന് മന്ത്രാലയം

വിദേശ തീർഥാടകർ ജിദ്ദ, മദീന വിമാനത്താവളങ്ങൾ വഴി തന്നെ യാത്ര ചെയ്യണമെന്ന് നിർബന്ധമില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

Update: 2022-10-20 18:18 GMT
Advertising

റിയാദ്: ഉംറ തീർഥാടകർക്ക് സൗദിയിലെ ഏത് അന്താരാഷ്ട്ര വിമാനത്താവളം വഴിയും രാജ്യത്തേക്ക് പ്രവേശിക്കാനും തിരിച്ച് പോകാനും അനുവാദമുണ്ടെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. ജിദ്ദ, മദീന വിമാനത്താവളങ്ങൾ വഴി തന്നെ യാത്ര ചെയ്യണമെന്ന് നിർബന്ധമില്ല. എന്നാൽ ഇത് സംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിമാന കമ്പനികളുടെ വിശദീകരണം.

വിദേശ തീർഥാടകർ ജിദ്ദ, മദീന വിമാനത്താവളങ്ങൾ വഴി തന്നെ യാത്ര ചെയ്യണമെന്ന് നിർബന്ധമില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. നേരത്തെയും ഇക്കാര്യം മന്ത്രാലയം അറിയിച്ചിരുന്നതാണ്. എന്നാൽ ഇത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം വീണ്ടും വിശദീകരണം നൽകുന്നത്. ഹജ്ജ് ഉംറ മന്ത്രാലയം ഇക്കാര്യം ആവർത്തിക്കുമ്പോഴും സൗദിയിലേക്ക് സർവിസ് നടത്തുന്ന വിമാനകമ്പനികൾ ഉംറ തീർഥാടകരെ ജിദ്ദ, മദീന ഒഴികെയുളള വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കുന്നില്ല. ഇതുസംബന്ധിച്ച അറിയിപ്പുകളൊന്നും മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നാണ് വിമാന കമ്പനികൾ ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണം.

വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ. നേരത്തെ ഹജ്ജ്, ഉംറ മന്ത്രാലയത്തിൽ നിന്ന് അറിയിപ്പ് വന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നും റിയാദ്, ദമ്മാം തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് ടിക്കറ്റെടുത്ത തീർഥാടകർക്ക് വിമാനത്താവളത്തിൽ നിന്ന് യാത്ര മുടങ്ങുന്ന സാഹചര്യമുണ്ടായിരുന്നു. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കുവാൻ ടിക്കറ്റെടുക്കുന്നതിന് മുമ്പ് തന്നെ വിമാനകമ്പനികളിൽ നിന്നും വ്യക്തത വരുത്തുന്നതാണ് ഉചിതമെന്ന് ഉംറ സേവന രംഗത്തുള്ളവർ അറിയിച്ചു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News