പുതിയ സീസണിലേക്കുള്ള ഉംറ വിസകൾ അനുവദിച്ച് തുടങ്ങി
സൗദിയിലുളളവർ ശനിയാഴ്ച മുതൽ തന്നെ ഉംറക്കായി മക്കയിൽ എത്തി തുടങ്ങി
മക്ക: പുതിയ സീസണിലേക്കുള്ള ഉംറ വിസകൾ അനുവദിച്ച് തുടങ്ങിയതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വൈകാതെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർ ഉംറക്കായി സൗദിയിലെത്തി തുടങ്ങും. സൗദിക്കകത്തുള്ള തീർഥാടകർ ശനിയാഴ്ച മുതൽ ഉംറ കർമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഹജ്ജ് സീസണ് അവസാനിച്ചതോടെ വിദേശ രാജ്യങ്ങളിലുള്ള തീർഥാടകർക്ക് ഉംറ വിസകൾ അനുവദിച്ച് തുടങ്ങിയതായി ഹജ്ജ് ഉംറ മന്ത്രി ഡോ. തൌഫീഖ് അൽ റബീഅയാണ് പറഞ്ഞത്. തീർഥാടകരെ സ്വീകരിക്കാനും നടപടികൾ എളുപ്പത്തിൽ പൂർത്തീകരിക്കാനും രാജ്യം പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. സൗദിയിലുളളവർ ശനിയാഴ്ച മുതൽ തന്നെ ഉംറക്കായി മക്കയിൽ എത്തി തുടങ്ങിയിട്ടുണ്ട്. നുസുക് ആപ്പ് വഴി ലഭ്യമായ സമയങ്ങളിലെ പെർമിറ്റെടുത്ത് എല്ലാവർക്കും ഉംറക്കായി മക്കയിലേക്ക് വരാം. കൂടാതെ മദീനയിലെ റൗളാ ശരീഫ് സന്ദർശനത്തിനും പെർമിറ്റുകൾ അനുവദിച്ച് തുടങ്ങി.
എന്നാൽ മക്കയിലും മദീനയിലും ഹജ്ജ് തീർഥാടകർ ഇപ്പോഴും ഉളളതിനാൽ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിമിതമായ തോതിൽ മാത്രമേ ഇപ്പോൾ പെർമിറ്റുകൾ അനുവദിക്കുന്നുള്ളൂ. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർഥാടകരുടെ പ്രവേശന നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ രാജ്യത്തേക്ക് പ്രവേശിക്കുന്ന കരാതിർത്തികളിലും, വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമെല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളടക്കം സജ്ജമാക്കിയിട്ടുണ്ട്.