ജിദ്ദയിലെ നഗര സൗന്ദര്യവൽക്കരണം; കെട്ടിടങ്ങൾ പൊളിക്കാനുള്ള സമയക്രമം പ്രസിദ്ധീകരിച്ചു
ജിദ്ദ നഗരസഭയിൽ ആദ്യഘട്ടത്തിൽ 26 പ്രദേശങ്ങളിൽ നിന്നായി മൊത്തം ഒരു കോടി 85 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ചേരികളാണ് പൊളിച്ചുനീക്കുക.
നഗരസൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ജിദ്ദയിൽ വിവിധ പ്രദേശങ്ങളിലെ ചേരികൾ നീക്കം ചെയ്യുന്ന പ്രവർത്തികൾ ഈ വർഷം നവംബർ 27 ഓടെ അവസാനിക്കും. വിവിധ പ്രദേശങ്ങൾ പൊളിച്ച് നീക്കുന്നത് സംബന്ധിച്ച സമയക്രമം ജിദ്ദ നഗരസഭ പ്രസിദ്ധീകരിച്ചു.
ജിദ്ദ നഗരസഭയിൽ ആദ്യഘട്ടത്തിൽ 26 പ്രദേശങ്ങളിൽ നിന്നായി മൊത്തം ഒരു കോടി 85 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ചേരികളാണ് പൊളിച്ചുനീക്കുക. ഇതിൽ ഗുലൈൽ, പെട്രോമിൻ, ഖുറയ്യാത്ത്, നുസ്‌ല യമാനി തുടങ്ങിയ പ്രദേശങ്ങളിൽ കെട്ടിടങ്ങൾ പൊളിക്കുന്ന ജോലികൾ പൂർത്തിയായി. ബലദ്, അമ്മാരിയ, കന്ദറ തുടങ്ങിയ പ്രദേശങ്ങളിൽ പൊളിക്കുന്ന നടപടികൾ നടന്ന് വരികയാണ്. ഹിന്ദാവിയ, ബാഗ്ദാദിയ, ഷറഫിയ തുടങ്ങിയ പ്രദേശങ്ങളിലെ പൊളിക്കാനുള്ള കെട്ടിടങ്ങൾ രേഖപ്പെടുത്തുന്ന ജോലികളും പൂർത്തിയായിട്ടുണ്ട്.
ഈ മാസം 19 ന് ഈ പ്രദേശങ്ങളിലേക്കുള്ള ഇലക്ട്രിസിറ്റി സേവനങ്ങൾ റദ്ദാക്കും. 26 മുതൽ കെട്ടിടങ്ങൾ പൊളിക്കാൻ ആരംഭിക്കുകയും മാർച്ച് എട്ടോടെ പൂർത്തിയാക്കുകയും ചെയ്യും. ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയ നുസ്ഹ, ഹയ്യ് സലാമ, ബനീ മാലിക്, അൽ വുറൂദ് തുടങ്ങിയ പ്രദേശങ്ങളിലെ ചില ഭാഗങ്ങൾ അടുത്ത ദിവസങ്ങളിൽ പൊളിക്കൽ ആരംഭിക്കും. മുശ്‌രിഫ, റിഹാബ്, അസീസിയ, റബ്‌വ തുടങ്ങിയ പ്രദേശങ്ങളിൽ റമദാൻ കഴിഞ്ഞായിരിക്കും പൊളിക്കൽ ആരംഭിക്കുക.
രണ്ടാം ഘട്ടത്തിൽ ജിദ്ദ അൽ ഐൻ അൽ അസീസിയ പദ്ധതിക്ക് കീഴിൽ കിങ് അബ്ദുൽ അസീസ് എൻഡോവ്‌മെന്റിൻ്റിൽ സ്ഥിതിചെയ്യുന്ന ചേരിപ്രദേശങ്ങൾ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മദാഇൻ ഫഹദ്, അൽ ജാമിഅഃ, റവാബി തുടങ്ങിയവ ഉൾപ്പെടെ എട്ട് പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശങ്ങളിൽ മൊത്തം ഒരു കോടി 39 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ സ്ഥിതിചെയ്യുന്ന കെട്ടിടങ്ങളാണ് പൊളിച്ചുനീക്കാനുള്ളത്.