എണ്ണ വില നിയന്ത്രിക്കാൻ യു.എസ് - സൗദി ചർച്ച
എണ്ണ വില നിയന്ത്രിക്കാൻ സൗദിയുടെ സഹകരണം പ്രതീക്ഷിക്കുന്നതായി യു.എസ്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ ഉപദേഷ്ടാവ് വിഷയത്തിൽ സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില നിയന്ത്രണാധീതമായി ഉയർന്നാൽ കോവിഡ് പ്രത്യാഘാതം നേരിടൽ എളുപ്പമാകില്ലെന്നും യുഎസ് അറിയിച്ചു.യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ കഴിഞ്ഞ ദിവസം സൗദിയിലെത്തിയിരുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി വിഷയത്തിന്റെ പ്രാധാന്യം യുഎസ് ബോധ്യപ്പെടുത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോവിഡ് പ്രത്യാഘാതം മറികടക്കാൻ ശ്രമിക്കുന്ന ആഗോള വിപണിയെ തകരാതെ പിടിച്ചു നിർത്താൻ എണ്ണ വില ക്രമാതീതമായി ഉയർന്നു കൂടായെന്നും യുഎസ് ഉണർത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യുഎസിൽ എണ്ണവില ഒരു ഡോളർ കൂടുതലാണ്. ആഗോള വിപണിയിൽ തന്നെ വില വർധന പ്രകടമായിട്ടുണ്ട്. ഇനിയും വിലയുയർന്നാൽ ജനങ്ങൾക്കും വ്യാപാര മേഖലക്കും പ്രയാസമേറും. ഈ സാഹചര്യങ്ങൾ യുഎസ് ചൂണ്ടിക്കാട്ടി.
എണ്ണോത്പാദന രാജ്യങ്ങളും അവരെ പുറമെ നിന്നും പിന്തുണക്കുന്ന റഷ്യയടക്കമുള്ള രാജ്യങ്ങളും എണ്ണവില ഇടിയാതിരിക്കാൻ നിലവിൽ ഉത്പാദനം നിയന്ത്രിച്ചു നിർത്തിയിട്ടുണ്ട്. ഒപെക് പ്ലസ് എന്നറിയിപ്പെടുന്ന ഈ കൂട്ടായ്മ സൗദി സഹകരണത്തോടെയാണിത് ചെയ്യുന്നത്. എന്നാൽ ലോകത്തെ ആവശ്യത്തിനനുസരിച്ച് എണ്ണോത്പാദനം വർധിപ്പിച്ചാൽ മാത്രമേ വില കുറയൂ. അടുത്തയാഴ്ച ചേരുന്ന ഒപെക് യോഗം നവംബർ മുതൽ ഉത്പാദനം വർധിപ്പിക്കാൻ തീരുമാനമെടുക്കും എന്നാണ് റിപ്പോർട്ടുകൾ.