നജ്‌റാനിലെ വിവിധ സംഘടനകളും സനാബിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളും സംയുക്തമായി കേരളപ്പിറവി ദിനം ആഘോഷിച്ചു
മലയാളം മിഷൻ അബഹ കോർഡിനേറ്റർ ഷാനവാസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു
നജ്റാൻ: മലയാളം മിഷൻ സൗദി ചാപ്റ്റർ അബഹ മേഖലയിലെ, നജ്‌റാൻ എഴുത്തോല പഠനകേന്ദ്രവും, പ്രതിഭ സാംസ്‌കാരിക വേദിയും സനാബിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളും സംയുക്തമായി കേരളപ്പിറവി ദിനംആഘോഷിച്ചു. മലയാളം മിഷൻ അബഹ കോർഡിനേറ്റർ ഷാനവാസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. മലയാളം മിഷൻ ജനറൽ കൗൺസിൽ അംഗവും സനാബിൽ സ്‌കൂൾ മാനേജറുമായ സെൽവരാജ്, ജനറൽ കൗൺസിൽ അംഗം അനിൽ രാമചന്ദ്രൻ, സ്‌കൂൾ പ്രധാന അധ്യാപകൻ അനോജ് മാഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. എഴുത്തോല പഠന കേന്ദ്രം പ്രധാന അധ്യാപകൻ നെൽസൺ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഠന കേന്ദ്രം വിദ്യാർത്ഥികളുടെ കവിത പാരായണം, ലളിത ഗാനം, കഥപറച്ചിൽ, നാടൻപാട്ടുകൾ തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി. നിലാ നക്ഷത്ര മ്യൂസിക്കൽ ഗ്രൂപ്പിന്റെ ഗാനങ്ങൾക്ക് ഷെല്ലി നേതൃത്വം നൽകി. പരിപാടികൾ പഠന കേന്ദ്രം അധ്യാപികമാരായ രമ്യ, ഷിഫ്‌ന എന്നിവർ നിയന്ത്രിച്ചു. പ്രതിഭ സെക്രട്ടറി ആദർശ് സ്വാഗതവും, സുകുമാരൻ നന്ദിയും അറിയിച്ചു.