വാഹന ടയറുകളുടെ ഗുണനിലവാര പരിശോധന: സൗദിയിൽ 127000 വ്യാജ ടയറുകൾ പിടിച്ചെടുത്തു
രാജ്യം ചൂടിലേക്ക് പ്രവേശിച്ചതോടെ ടയർ പൊട്ടിയുള്ള വാഹനാപകടങ്ങളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പരിശോധന
ദമ്മാം: സൗദിയിൽ 127000 വ്യാജ ടയറുകൾ പരിശോധയിലൂടെ വാണിജ്യ മന്ത്രാലയം പിടിച്ചെടുത്തു. രാജ്യം ചൂടിലേക്ക് പ്രവേശിച്ചതോടെ ടയർ പൊട്ടിയുള്ള വാഹനാപകടങ്ങളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്. ടയറിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്ന യന്ത്രങ്ങളുമായെത്തിയാണ് മന്ത്രാലയം അതികൃതർ മിന്നൽ പരിശോധനകൾ സംഘടിപ്പിക്കുന്നത്.
റിയാദ്, ദമ്മാം, ജിദ്ദ പ്രവിശ്യകളിലെ ടയർ വിതരണ വിൽപ്പന കേന്ദ്രങ്ങളിലാണ് വാണിജ്യ മന്ത്രാലയം പരിശോധനക്ക് തുടക്കം കുറിച്ചത്. ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങളിൽ സ്റ്റിക്കറുകൾ പതിച്ച് വ്യാജ ബ്രാൻഡുകളിൽ വിൽപ്പന നടത്തൽ, ടയർ നിർമ്മാണ തിയ്യതികളിൽ കൃത്രിമം വരുത്തൽ എന്നിവ പരിശോധനയിൽ കണ്ടെത്തി. പിടിച്ചെടുത്തവയിൽ ചിലതിന് വരും മാസങ്ങളിലുള്ള തിയ്യതി മുൻകൂട്ടി രേഖപ്പെടുത്തിയതായും കണ്ടെത്തി. 452 സ്ഥാപനങ്ങളിലാണ് ഇതിനകം പരിശോധന പൂർത്തിയാക്കിയത്. നിയമ ലംഘകരുടെയും സ്ഥാപനങ്ങളുടെയും പേരിൽ ആന്റി കൊമേഴ്ഷ്യൽ ഫ്രോഡ് നിയമ പ്രകാരം കുറ്റം ചുമത്തി പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.